anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് അരങ്ങുണരുമ്പോൾ ആദ്യ കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള പടയൊരുക്കത്തിലാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. അനുഭവസമ്പന്നരായ മുതിർന്ന താരങ്ങളും യുവപ്രതിഭകളും സമന്വയിക്കുന്ന ശക്തമായൊരു നിരയാണ് ഇത്തവണ കാലിക്കറ്റിന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ സീസണിൽ ഫൈനലിലും രണ്ടാം സീസണിൽ സെമി ഫൈനലിലും പുറത്താകുകയായിരുന്നു.മലബാറിലെ കായികപ്രേമികളുടെ ആവേശവും പിന്തുണയും കരുത്താക്കി കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇത്തവണ കാലിക്കറ്റ് ഇറങ്ങുന്നത്.

രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ കഴിഞ്ഞ സീസണുകളിൽ ടീമിന് കരുത്ത് പകർന്ന ഈ താരങ്ങൾ ഇത്തവണയും ഗ്ലോബ് സ്റ്റാർസിനൊപ്പം തന്നെയുണ്ട്. ഏത് മികച്ച ബൗളിങ് നിരയ്ക്കുമെതിരെ തകർപ്പൻ തുടക്കം നൽകാൻ ശേഷിയുള്ള താരമാണ് രോഹൻ കുന്നുമ്മൽ. രോഹൻ നൽകുന്ന അതിവേഗ തുടക്കങ്ങൾക്കൊടുവിൽ മധ്യനിരയ്ക്ക് കരുത്തും സ്ഥിരതയും പകരാൻ സൽമാൻ നിസാറിനെയും അഖിൽ സ്കറിയയെയും പോലുള്ള താരങ്ങളുമുണ്ട്. ഇവർക്കൊപ്പം വരുൺ നയനാർ, മുഹമ്മദ് കൈഫ്, അബ്ദുൾ ബാസിത് എന്നിവർ കൂടിയെത്തിയതോടെ ലീഗിലെ ഏറ്റവും അപകടകാരികളായ ബാറ്റിങ് നിരയിലൊന്നായി കാലിക്കറ്റ് മാറിയിട്ടുണ്ട്. ഇതിന് പുറമെ ഫിനിഷറുടെ റോളിൽ കൃഷ്ണദേവനുമുണ്ട്.

ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ഓൾറൗണ്ട് നിര കൂടിയാണ് ഗ്ലോബ് സ്റ്റാർസിന്റേത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാൻ പോന്ന മികച്ച ഓൾറൗണ്ടർമാരാണ് അഖിൽ സ്കറിയയും അബ്ദുൾ ബാസിതും. കഴിഞ്ഞ സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഖിൽ സ്കറിയ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന അബ്ദുൾ ബാസിത് ട്രിവാൺഡ്രം റോയൽസിൽ നിന്നാണ് കാലിക്കറ്റിലെത്തുന്നത്. അബ്ദുൾ ബാസിതിന്റെ സാന്നിധ്യം ഗ്ലോബ് സ്റ്റാർസിന് ഇത്തവണ മുതൽക്കൂട്ടാവും.

വേഗത കൊണ്ടും കൃത്യത കൊണ്ടും എതിരാളികളെ പ്രതിരോധത്തിലാക്കാൻ കഴിയുന്നൊരു പേസ് ബൗളിങ് നിരയാണ് ഇത്തവണ കാലിക്കറ്റിന്റേത്. കഴിഞ്ഞ രണ്ട് സീസണുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തിയ അഖിൽ സ്കറിയ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രധാന ആയുധം. വേഗം കൊണ്ട് ബാറ്റർമാരെ വിറപ്പിക്കുന്ന അഖിൻ സത്താർ, ഇബ്നുൽ അഫ്താബ് തുടങ്ങിയ താരങ്ങൾക്കൊപ്പം വിഘ്നേഷ് പുത്തൂർ, ഹരികൃഷ്ണൻ, അഫ്രാദ് എന്നിവരടങ്ങുന്ന സ്പിൻ സഖ്യം കൂടി ചേരുമ്പോൾ വൈവിധ്യമുള്ള ബൗളിങ് ലൈനപ്പാണ് ഇത്തവണ ടീമിന്റേത്.

ബിജുമോനാണ് ഇത്തവണ ടീമിന്റെ മുഖ്യപരിശീലകൻ. ഡേവിഡ് ചെറിയാൻ അസിസ്റ്റന്റ് കോച്ചായും സുമേഷ് എം എസ് ഫീൽഡിങ് കോച്ചായും ഹരി ആർ വാര്യർ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായും ടീമിനൊപ്പമുണ്ട്. രാകേഷ് ബി മേനോൻ (പെർഫോമൻസ് അനലിസ്റ്റ്), ഷോൺ ആന്റണി (ടീം ഫിസിയോ), വിഷ്ണുദാസ് (ടീം മാനേജർ), യു അച്യുതൻ (ടീം മെന്റർ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫംഗങ്ങൾ. സഞ്ജു മുഹമ്മദാണ് ടീം ഉടമ.Calicut

ടീം അംഗങ്ങൾ: രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ,  അഖിൽ സ്കറിയ, വിഘ്നേഷ് പുത്തൂർ, വരുൺ നയനാർ, അഖിൻ സത്താർ, അബ്ദുൾ ബാസിത്, ഹരികൃഷ്ണൻ എം.യു, അശ്വിൻ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്, കൃഷ്ണദേവൻ, അഫ്രാദ് എൻ, ഇബ്നുൽ അഫ്താബ്, റഹാൻ റഹീം, ആതിഫ് ബിൻ അഷ്റഫ്.

Spread the News

Leave a Comment

IMG 20260806 WA0051