anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ തണ്ടർ: അട്ടപ്പാടിയിൽ വൻ കഞ്ചാവ് കൃഷി വേട്ട; 2,373 ചെടികൾ കണ്ടെത്തി നശിപ്പിച്ചു

അട്ടപ്പാടി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം അട്ടപ്പാടിയിലെ ഉൾവന മേഖലയിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള കഞ്ചാവ് കൃഷി കണ്ടെത്തി. 15 തോട്ടങ്ങളിലായി നട്ടുവളർത്തിയിരുന്ന 2,373 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതിൽ രണ്ട് നഴ്സറികളും ഉൾപ്പെടുന്നതായി എക്സൈസ് അറിയിച്ചു.

‘ഓപ്പറേഷൻ തണ്ടർ’ എന്ന പേരിൽ ഓഗസ്റ്റ് 18ന് പുലർച്ചെ നാലുമണിയോടെയാണ് പരിശോധന ആരംഭിച്ചത്. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ നിഗീഷ് എ.ആറിന്റെ നേതൃത്വത്തിൽ അഗളി റേഞ്ച് ഇൻസ്പെക്ടർ ഇഹ്‌ലാസ് അലിയും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

അട്ടപ്പാടി ട്രൈബൽ താലൂക്കിലെ പാടവയൽ വില്ലേജിൽ, കടുകുമണ്ണ ദേശത്തെ കടുകുമണ്ണ ഉന്നതിയിൽനിന്ന് ഏകദേശം ഒമ്പത് കിലോമീറ്റർ വടക്കുമാറി ശരക്കോൽ മലയുടെ മുകളിലാണ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്.

ചെങ്കുത്തായ മലയിടുക്കുകളും ദുർഘടമായ ഉൾവന പാതകളും താണ്ടി ഏകദേശം 20 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ച 15 തോട്ടങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുപരിപാലിച്ചുവരുന്നതായാണ് കണ്ടെത്തിയത്.

കണ്ടെത്തിയ 2,373 കഞ്ചാവ് ചെടികളിൽനിന്ന് നിയമനടപടികൾക്കാവശ്യമായ സാമ്പിളുകൾ ശേഖരിച്ച ശേഷം ബാക്കിയുള്ള ചെടികൾ നശിപ്പിച്ചു.

വൻതോതിൽ കഞ്ചാവ് കൃഷി നടത്തിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടി വനമേഖലകളിലും തമിഴ്നാട് അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കഞ്ചാവ് കൃഷി നടത്തുന്ന സംഘങ്ങളുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.

പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ചന്ദ്രകുമാർ, ചന്ദ്രൻ, പ്രമോദ് എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ രങ്കൻ, രജീഷ്, ഭോജൻ, വിഷ്ണു എന്നിവരും പങ്കെടുത്തു.

അനുഗ്രഹ വിഷൻ ന്യൂസ്

അട്ടപ്പാടിയിലെ ഉൾവനത്തിൽ ‘ഓപ്പറേഷൻ തണ്ടർ’; 15 തോട്ടങ്ങളിൽ 2,373 കഞ്ചാവ് ചെടികൾ — അന്വേഷണം തമിഴ്നാട് അതിർത്തിയിലേക്കും

Spread the News

Leave a Comment

IMG 20260806 WA0051