പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 71 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളായ നാലുപേരെ റെയിൽവേ സംരക്ഷണ സേനയും (RPF) പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാൾ സ്വദേശികളായ നുർ ഇസ്ലാം (20), തോജമൽ (36), മന്നൻ മുല്ല (38), മൈനൂൽ ഇസ്ലാം (21) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 10 വ്യാഴാഴ്ച അർധരാത്രിക്കുശേഷം ആർ.പി.എഫും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുലർച്ചെ 1.30 ഓടെ സംഘം പിടിയിലായത്. ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
തുടർനടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിൽ ഹാജരാക്കി.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എൻ.ന്റെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് ആർ.പി.എഫ് ഉദ്യോഗസ്ഥരുമാണ് പരിശോധനയിൽ പങ്കെടുത്തത്.
ആർ.പി.എഫിലെ സബ് ഇൻസ്പെക്ടർ അജിത്ത് അശോക് എ.പി., എ.എസ്.ഐ. ജ്ഞാന ആനന്ദ്, കോൺസ്റ്റബിൾമാരായ ശ്രീജിത്ത് എൻ., പ്രസാദ് എം. എന്നിവരും എക്സൈസ് സംഘത്തിലെ ഇൻസ്പെക്ടർ അജു പി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് എൻ., ഹരികൃഷ്ണൻ യു., അഷ്കർ എം., സുധീഷ് കെ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ട്രെയിൻ മാർഗമുള്ള ലഹരിമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിരിക്കുന്നതിനിടെയാണ് പാലക്കാട് ജംഗ്ഷനിൽ വൻ കഞ്ചാവ് ശേഖരം പിടികൂടിയത്.
