പാലക്കാട്: കോങ്ങാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ അടിയന്തരമായി താലൂക്ക് ആശുപത്രിയായി ഉയർത്തി ആവശ്യമായ ചികിത്സാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കണമെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ഉമ്മർ മൗലവി ആവശ്യപ്പെട്ടു.
കോങ്ങാടും സമീപ പ്രദേശങ്ങളിലുമായി വലിയൊരു ജനവിഭാഗം ആശ്രയിക്കുന്ന പ്രധാന ആരോഗ്യകേന്ദ്രമാണിത്. നിലവിൽ പ്രസവപൂർവ്വ പരിശോധന, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, നേത്രപരിശോധന, കൗൺസിലിംഗ്, ഫിസിയോതെറാപ്പി, എക്സ്-റേ തുടങ്ങിയ വിവിധ സേവനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഗുരുതര രോഗങ്ങൾ, അടിയന്തര ചികിത്സ, ശസ്ത്രക്രിയ, പ്രസവസംബന്ധമായ സങ്കീർണതകൾ തുടങ്ങിയ സാഹചര്യങ്ങളിൽ രോഗികൾക്ക് പാലക്കാട് നഗരത്തിലെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുകയാണ്.
കോങ്ങാട് താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതോടെ പ്രദേശത്തെ സാധാരണക്കാർ നേരിടുന്ന വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. 24 മണിക്കൂർ അത്യാഹിത വിഭാഗം, അടിയന്തര ലബോറട്ടറി, ഓക്സിജൻ സൗകര്യം, ആംബുലൻസ്, നിരീക്ഷണ കിടക്കകൾ എന്നിവ അടിയന്തരമായി ഒരുക്കണം. മെഡിസിൻ, സർജറി, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, നേത്രരോഗം, ഇ.എൻ.ടി, ത്വക്ക് രോഗം തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കണം.
സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയ്ക്ക് പ്രത്യേക പരിഗണന നൽകി പ്രസവവിഭാഗം, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, നവജാതശിശു പരിചരണം എന്നിവ ആരംഭിക്കണം. അടിയന്തര പ്രസവ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും നിയമിക്കണം.
നിലവാരമുള്ള സർക്കാർ ചികിത്സയ്ക്കായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥ ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. കോങ്ങാട് തന്നെ സമഗ്രമായ സർക്കാർ ആശുപത്രി യാഥാർഥ്യമാകുന്നതോടെ രോഗികളുടെ യാത്രച്ചെലവും സമയനഷ്ടവും കുറയ്ക്കുന്നതിനൊപ്പം പാലക്കാട് നഗരത്തിലെ സർക്കാർ ആശുപത്രികളിലെ തിരക്കും കുറയ്ക്കാൻ സാധിക്കും.
ജനങ്ങളുടെ അടിസ്ഥാന ആരോഗ്യാവകാശം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ കോങ്ങാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി ആരംഭിക്കണം. ഇക്കാര്യത്തിൽ അനാവശ്യമായ കാലതാമസം തുടർന്നാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ഉമ്മർ മൗലവി മുന്നറിയിപ്പ് നൽകി.