anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ മാതാവിന്റെ ക്രൂരത ഞെട്ടിക്കുന്നത്; മാതൃത്വത്തിന് തന്നെ അപമാനം — മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: വിമൻ ഇന്ത്യ മൂവ്മെന്റ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളായ ജെന്നിഫർ ജൂലിയറ്റിനെയും റോബിൻ ക്രിസ്റ്റഫറിനെയും സ്വന്തം മാതാവ് അതിക്രൂരമായി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആസിയമാനു പറഞ്ഞു.

കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ കളിച്ചുകൊണ്ടിരുന്ന ജെന്നിഫറിനെ ബലമായി വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കിയശേഷം സമീപത്തുണ്ടായിരുന്ന റോബിനെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് നിവേദ്യ പൊലീസിനോട് സമ്മതിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് നിവേദ്യ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
സ്വന്തം മക്കളുടെ ജീവൻ സംരക്ഷിക്കേണ്ട മാതാവ് തന്നെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത കൊടുംക്രൂരതയാണ്. അമ്മയുടെ സ്നേഹവും സംരക്ഷണവും കരുതലും ലഭിക്കേണ്ട പ്രായത്തിൽ സ്വന്തം മാതാവിൽ നിന്നുതന്നെ കുട്ടികൾക്ക് നേരിടേണ്ടിവന്ന ഈ ക്രൂരത മാതൃത്വത്തിന്റെ മഹത്വത്തിന് തന്നെ അപമാനമാണ്.
സ്വന്തം ജീവിതവും മോഡലിങ് പഠിക്കാനുള്ള ആഗ്രഹവും കുട്ടികൾ തടസ്സപ്പെടുത്തിയതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്ന മൊഴിയാണ് നിവേദ്യ നൽകിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണം ഉൾപ്പെടെയുള്ള എല്ലാ സാഹചര്യങ്ങളും പൊലീസ് സമഗ്രമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ശാസ്ത്രീയമായി പരിശോധിച്ച് കേസിന് പിന്നിലെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട്.
പിഞ്ചുകുഞ്ഞുങ്ങളെ ഇത്രയും ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇടയുണ്ടാകരുത്. ഒരു മാതാവിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരതയാണ് സ്വന്തം മക്കളോട് നിവേദ്യ കാട്ടിയത്. കുട്ടികളുടെ ജീവന് വിലകൽപ്പിക്കാത്ത ഇത്തരം കൊടുംക്രൂരതകൾക്ക് ശക്തമായ നിയമനടപടി സ്വീകരിക്കുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം.
കേസിന്റെ അന്വേഷണം എല്ലാ വശങ്ങളിലും ശക്തമാക്കുകയും സംഭവത്തിന് പിന്നിലെ യഥാർഥ കാരണങ്ങളും സാഹചര്യങ്ങളും പുറത്തുകൊണ്ടുവരികയും വേണം. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട ഈ ദാരുണ സംഭവത്തിൽ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ആസിയമാനു അറിയിച്ചു.

ആഷിദ നജീബ്
ജില്ലാ മീഡിയ ഇൻ ചാർജ്
+91 70253 71726
വിമൻ ഇന്ത്യ മൂവ്മെന്റ്

Spread the News

Leave a Comment

IMG 20260806 WA0051