അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തന സ്ഥിതിയെക്കുറിച്ചും നിര്‍ത്തലാക്കിയവ പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുടുംബശ്രീ കോഡിനേറ്റര്‍ക്ക് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ.എ. തുളസി നിര്‍ദേശം നല്കി. മുന്‍പ് 180-ലേറെ കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 28 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ബില്ലുകള്‍ വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കുന്ന രീതി ഒഴിവാക്കി മൂന്നുമാസത്തില്‍ ഒരിക്കലാക്കണം. കുടിശ്ശിക ലഭിക്കാത്തത് കാരണം ഒരു കമ്മ്യൂണിറ്റി കിച്ചണിന്റെയും പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഇടവരരുതെന്നും മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ എന്നിവരുടെ ആരോഗ്യ-കുടുംബക്ഷേമ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആനക്കട്ടി വട്ടലക്കി കോപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണ ലഭിക്കേണ്ട മഴയില്‍ വന്‍ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണം. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പട്ടയം ലഭിച്ചിട്ടും ഭൂമി കൈവശം ലഭിക്കാത്ത സാഹചര്യം റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും ഏകോപനത്തിനായി സബ് കളക്ടര്‍ കണ്‍വീനറായുള്ള വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം മുടക്കം വരാതെ മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നും മന്ത്രി നിര്‍ദേശം നല്കി.
യോഗത്തില്‍ വി.കെ. ശ്രീകണ്ഠന് എം.പി, സബ് കലക്ടര്‍ അന്‍ജിത് സിങ്, അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര, അട്ടപ്പാടി തഹസില്‍ദാര്‍ മനോജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.