ഗർഭിണികൾക്കുപോലും യാത്രാദുരിതം; കരാർ തുകയും കാലാവധിയും ചെലവഴിച്ച തുകയും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണം
പാലക്കാട്: മൂന്നര വർഷത്തിലേറെയായി കരാർ പ്രവൃത്തികൾ ആരംഭിച്ചിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത നെന്മാറ–ഒലിപ്പാറ റോഡിന്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിലവിലെ കരാർ റദ്ദാക്കി റീ-ടെൻഡർ നടത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും നെന്മാറ മണ്ഡലം പ്രസിഡന്റുമായ സക്കീർ ഹുസൈൻ കൊല്ലംകോട് ആവശ്യപ്പെട്ടു. കരാർ പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കഴിയാത്തത് ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മൂന്നര വർഷത്തിലേറെയായി തുടരുന്ന റോഡ് നിർമാണത്തിലെ അനിശ്ചിതത്വം പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വിദ്യാർഥികൾ, തൊഴിലാളികൾ, രോഗികൾ, വ്യാപാരികൾ തുടങ്ങി നിരവധി പേർ ആശ്രയിക്കുന്ന പാതയിലെ ദുരിതം ദിനംപ്രതി വർധിക്കുകയാണ്. ഗർഭിണികൾക്കുപോലും ഇതുവഴി സുരക്ഷിതമായും സുഗമമായും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും റോഡിന്റെ ശോച്യാവസ്ഥ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പൊടിശല്യവും കുഴികളും യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമ്പോൾ അധികൃതർ ഇനിയും മൗനം തുടരുന്നത് അംഗീകരിക്കാനാവില്ല.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ വിളിച്ചുചേർത്ത യോഗത്തിൽ പോലും കരാറുകാരൻ ഹാജരായില്ലെന്നത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും സമയം നീട്ടിനൽകുന്ന സാഹചര്യം തുടരുന്നത് ജനങ്ങളുടെ ദുരിതം നീട്ടിക്കൊണ്ടുപോകാനേ സഹായിക്കൂ. കരാർ ഏറ്റെടുത്തവർ നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാത്തതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കണം.
കരാർ തുക മുതൽ ചെലവഴിച്ച തുക വരെ ജനങ്ങൾ അറിയണം
റോഡ് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളിലും പൂർണമായ സുതാര്യത ഉറപ്പാക്കണം. എത്ര രൂപയ്ക്കാണ് പ്രവൃത്തി ടെൻഡർ ചെയ്തത്, എത്ര രൂപയുടെ കരാറാണ് നൽകിയത്, നിർമാണം പൂർത്തിയാക്കാൻ നിശ്ചയിച്ച കാലാവധി എത്രയായിരുന്നു, എത്ര തവണ കാലാവധി നീട്ടിനൽകി, ഇതുവരെ കരാറുകാരന് എത്ര രൂപ അനുവദിച്ചു, എത്ര രൂപയുടെ പ്രവൃത്തിയാണ് പൂർത്തിയായത്, ഇനി എത്ര തുക നൽകാനുണ്ട് തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പ്രദർശിപ്പിക്കണം. റോഡ് നിർമാണത്തിന്റെ പേര്, കരാറുകാരന്റെ വിവരങ്ങൾ, കരാർ തുക, പ്രവൃത്തി ആരംഭിച്ച തീയതി, പൂർത്തീകരണത്തിനുള്ള നിശ്ചിത തീയതി, പുതുക്കിയ കാലാവധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിവരബോർഡ് നിർമാണസ്ഥലത്ത് സ്ഥാപിക്കണമെന്നും സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു.
പൊതുപണം ചെലവഴിച്ച് നടത്തുന്ന വികസനപ്രവൃത്തികളുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകണം. നിലവിലുള്ള ചട്ടങ്ങളും കരാർ വ്യവസ്ഥകളും അനുസരിച്ച് നിർബന്ധമായും പ്രദർശിപ്പിക്കേണ്ട വിവരങ്ങൾ മറച്ചുവയ്ക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് അനുവദിക്കാനാവില്ല. നിർമാണത്തിന്റെ പുരോഗതിയും ചെലവഴിച്ച തുകയും ജനങ്ങൾക്ക് പരിശോധിക്കാനാകുന്ന സാഹചര്യം ഉണ്ടാകണം. പൊതുപണം ചെലവഴിക്കുന്ന പ്രവൃത്തിയിൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കടമയാണ്.
കരാർ റദ്ദാക്കി അടിയന്തര നടപടിയെടുക്കണം
സമയം നീട്ടിനൽകി ജനങ്ങളെ ഇനിയും പരീക്ഷിക്കാതെ കരാർ വ്യവസ്ഥകൾ പരിശോധിച്ച് നിയമാനുസൃതമായ നടപടികളിലൂടെ നിലവിലെ കരാർ റദ്ദാക്കുകയും റീ-ടെൻഡർ നടപടികൾ അടിയന്തരമായി ആരംഭിക്കുകയും വേണം. പുതിയ കരാറുകാരനെ കണ്ടെത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം അതുവരെ റോഡിലെ കുഴികൾ നികത്താനും പൊടിശല്യം നിയന്ത്രിക്കാനും യാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണം. ടെൻഡർ നടപടികൾ മുതൽ നിർമാണത്തിന്റെ നിലവിലെ സ്ഥിതി വരെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പ് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കുന്നതിൽ ഇനിയും വീഴ്ച വരുത്തരുത്. നെന്മാറ–ഒലിപ്പാറ റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നതിനും ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനും പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണം. ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചുള്ള പ്രവൃത്തിയിൽ ഉത്തരവാദിത്തം ഉറപ്പാക്കുകയും നിർമാണം പൂർത്തിയാക്കാനുള്ള സമയബന്ധിതമായ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ പ്രദേശവാസികളെ അണിനിരത്തി ശക്തമായ പ്രതിഷേധവുമായി എസ്.ഡി.പി.ഐ മുന്നോട്ടുപോകുമെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി.
മീഡിയ കോഡിനേറ്റർ
ബഷീർ കൊമ്പം
☎️ 8157948123