കണ്ണൂർ: കുട്ടികൾക്കായുള്ള അടിയന്തര ചികിത്സാ രംഗത്ത് പുതിയ ചരിത്രം കുറിച്ച് വടക്കേ മലബാറിലെ ആദ്യത്തെ സമ്പൂർണ്ണ പീഡിയാട്രിക് എമർജൻസി മെഡിസിൻ (PEM) വിഭാഗവും, സ്കൂൾ വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത നൂതന ആരോഗ്യ പദ്ധതിയായ കുട്ടി ഡോക്ടറും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു.
കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എമർജൻസി വിഭാഗത്തിന് കീഴിൽ തന്നെ കുട്ടികൾക്കായി പീഡിയാട്രിക് എമർജൻസി വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ഓർത്തോപീഡിക്സ്, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് എയർവേ മാനേജ്മെന്റ്, പീഡിയാട്രിക് ഇന്റർവെൻഷനൽ എയർവേ തുടങ്ങിയ അത്യാധുനിക സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
അടിയന്തര സാഹചര്യങ്ങളിൽ തുണയാകാൻ കുട്ടികളെ സജ്ജമാക്കുന്ന പദ്ധതിയാണ് കുട്ടി ഡോക്ടർ.
സ്കൂളുകളിൽ ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ സമയോചിതമായി ഇടപെടാനും പ്രഥമശുശ്രൂഷ (First Aid) നൽകാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സാമൂഹിക സംരംഭമാണ് ഇത്. കണ്ണൂർ ജില്ലയിലെ സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC) അംഗങ്ങളായ രണ്ട് വിദ്യാർത്ഥികളെ വീതം തെരഞ്ഞെടുത്ത്, അവർക്ക് ശാസ്ത്രീയമായ അടിയന്തര ശുശ്രൂഷാ പരിശീലനം ബി.എം.എച്ച് വിദഗ്ധ സംഘം നൽകും. ഈ പരിശീലനം ലഭിച്ച കുട്ടികളാണ് സ്കൂളുകളിൽ കുട്ടി ഡോക്ടർമാരായി പ്രവർത്തിക്കുക.
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ഇരു പദ്ധതികളുടെയും ഉൽഘാടന ചടങ്ങിൽ യങ് ഇൻസ്പിറേഷൻ മാസ്റ്റർ കെവിൻ. ബേബി ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, കുമാരി ജെസ ഖാലിദ്, തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ, ഡോക്ടർമാർ എന്നിവർ ചേർന്ന് കുട്ടി ഡോക്ടർ പദ്ധതിയുടെ പ്രതീകാത്മക ഉദ്ഘാടനം നിർവഹിച്ചു.
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ലക്ഷ്യം മികച്ച ചികിത്സ ലഭ്യമാക്കുക എന്നതിലുപരി, കണ്ണൂരിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നൂതനമായ പദ്ധതികൾ നടപ്പിലാക്കുക എന്നതുകൂടിയാണെന്നും . കുട്ടികളുടെ അടിയന്തര ചികിത്സയ്ക്കായി പ്രത്യേക പീഡിയാട്രിക് എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുന്നതിലൂടെ വടക്കേ മലബാറിലെ കുട്ടികൾക്ക് സമയബന്ധിതവും വിദഗ്ധവുമായ പരിചരണം ഉറപ്പാക്കാൻ സാധിക്കുമെന്നും. അതോടൊപ്പം, സ്കൂൾ വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാനും പ്രഥമശുശ്രൂഷ നൽകാനും പരിശീലനം നൽകുന്ന കുട്ടി ഡോക്ടർ പദ്ധതി സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃകയാണെന്നും. ഇത്തരം സംരംഭങ്ങളിലൂടെ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, അടിയന്തര സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാനും നമുക്ക് സാധിക്കുമെന്നും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ പറഞ്ഞു.
ചടങ്ങിൽ ബേബി ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.എം.എസ് ഡോ. മുഹമ്മദ് അബ്ദുൽ നാസർ ഇ.കെ സ്വാഗതം ആശംസിച്ചു. ചീഫ് കൺസൾട്ടന്റും മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായ ഡോ. കണ്ണൻ എ.എസ് പീഡിയാട്രിക് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. പ്രസാദ് കുമാർ ആശംസകളർപ്പിച്ചു. എമർജൻസി മെഡിസിൻ വിഭാഗം ചീഫും കൺസൾട്ടൻ്റുമായ ഡോ. നിതിൻ അക്കൽ നന്ദി രേഖപ്പെടുത്തി.
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ഇരു പദ്ധതികളുടെയും ഉൽഘാടന ചടങ്ങിൽ യങ് ഇൻസ്പിറേഷൻ മാസ്റ്റർ കെവിൻ. ബേബി ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, ഏറ്റവും പ്രായം കുറഞ്ഞ CPR ബോധവൽക്കരണ ഇൻഫ്ലുവൻസർ ജെസ ഖാലിദ്, ബേബി ഹോസ്പിറ്റൽ കണ്ണൂർ ക്ലസ്റ്റർ സി.എം.എസ് ഡോ. മുഹമ്മദ് അബ്ദുൽ നാസർ ഇ.കെ, ചീഫ് കൺസൾട്ടന്റും മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായ ഡോ. കണ്ണൻ എ.എസ്, എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ഡോ. നിതിൻ അക്കൽ, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രസാദ് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.