പാലക്കാട്. യുവാക്കളുടെ ജീവിതത്തിൽ മാലിന്യമായി പടരുന്ന ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പട്ടികജാതി- പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ റിലാക്സ്’ പദ്ധതി തോണിക്കടവ് സി.എച്ച്. മിനി സ്റ്റേഡിയത്തിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാനും’ എക്സൈസ് വകുപ്പിന്റെ ‘തണ്ടറും’ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാനത്തിന് മാതൃകയാണ്. യുവാക്കളുടെ ജീവിതത്തിൽ വെളിച്ചം പകരാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിലാക്സ് പദ്ധതിയുടെ ഭാഗമായി കാരകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ തോണിക്കടവ് സി.എച്ച്. മിനി സ്റ്റേഡിയത്തിൽ ഒരുക്കിയ ഷട്ടിൽ കോർട്ടും മന്ത്രി ഉദ്ഘാടനം ചെയ്തു. കാരകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് അധ്യക്ഷനായി. ‘ലഹരിക്കെതിരെ മയങ്ങില്ല കേരളം’ സന്ദേശം പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എൻ.ടി. സുധീർ നൽകി. ജില്ലാ പഞ്ചായത്ത് അംഗം സ്മിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീറ, വാർഡ് അംഗങ്ങളായ ഷിഫാന, അലി അക്ബർ, ഷഫീക്ക്, ഷെബാന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു, വിമുക്തി അസി. എക്സൈസ് കമ്മീഷണർ എസ്. സജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖൻ, ലയൺസ് ക്ലബ് അംഗങ്ങളായ എം. പ്രമോദ്, എസ്. ഷിബു, ദേവദാസ് നരിപ്പിലങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.