anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണം; ആദിവാസി കുഞ്ഞുങ്ങളുടെ ജീവൻ സർക്കാരിന് അവഗണിക്കാനാവില്ല: എസ്.ഡി.പി.ഐ

പാലക്കാട്: അട്ടപ്പാടിയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ശിശുമരണങ്ങൾ ഗൗരവത്തോടെ കാണണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി റൂഖിയ അലി ആവശ്യപ്പെട്ടു. മൂന്നുമാസത്തിനിടെ ഒമ്പത് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നത് അട്ടപ്പാടിയിലെ മാതൃ-ശിശു ആരോഗ്യസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. മരണങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.

വടക്കോട്ടത്തറ സ്വദേശികളായ മുരുകേഷിന്റെയും ശിവകാമിയുടെയും 15 ദിവസം പ്രായമായ കുഞ്ഞ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച സംഭവം ഏറെ വേദനാജനകമാണ്. ഗർഭാവസ്ഥയിൽ നടത്തിയ പരിശോധനകളിൽ കുഞ്ഞിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ചികിത്സയിലുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഈ ആരോപണങ്ങൾ ഉൾപ്പെടെ പരിശോധിച്ച് യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ആരോഗ്യവകുപ്പ് തയ്യാറാകണം.
ഷോളയൂർ വെച്ചപ്പതി ഊരിലെ 20 ദിവസം പ്രായമായ കുഞ്ഞിന്റെ മരണത്തിന് പിന്നാലെയാണ് അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സാഹചര്യം ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പോരായ്മകൾ അടിയന്തരമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഓരോ മരണവും പ്രത്യേകം അന്വേഷിക്കുകയും ചികിത്സയിലോ പരിചരണത്തിലോ വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.
ആദിവാസി മേഖലകളിലെ ഗർഭിണികൾക്ക് കൃത്യമായ ആരോഗ്യപരിശോധനയും പോഷകാഹാരവും ഉറപ്പാക്കണം. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കാര്യക്ഷമമാക്കുകയും അപകടസാധ്യതയുള്ള ഗർഭിണികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളിൽ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സമയബന്ധിതമായി മാറ്റുന്നതിനും സംവിധാനമുണ്ടാകണം. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനലഭ്യതയും സർക്കാർ പരിശോധിക്കണം.
ശിശുമരണങ്ങൾ സംഭവിച്ചശേഷം അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതിൽ മാത്രം സർക്കാർ ഒതുങ്ങരുത്. ആദിവാസി മേഖലകളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പും പട്ടികവർഗ വികസന വകുപ്പും ഏകോപിതമായി പ്രവർത്തിക്കണം. ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുന്ന സംവിധാനവും ശക്തിപ്പെടുത്തണം.
ആദിവാസി കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഔദാര്യമല്ല, ഉത്തരവാദിത്വമാണ്. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണം. ഇനിയൊരു കുഞ്ഞിനും മതിയായ ചികിത്സയുടെയും പരിചരണത്തിന്റെയും അഭാവത്തിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും റൂഖിയ അലി ആവശ്യപ്പെട്ടു.

 

 

Spread the News

Leave a Comment

IMG 20260806 WA0051