anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിശാൽ ജോർജിന് ഇരട്ട സെഞ്ച്വറി; ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ

പതിനാറു വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ. മറ്റൊരു മത്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ലീഡിലേക്ക് നീങ്ങുകയാണ്. ബി.കെ. 55 കേരളയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 197 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് മൂന്ന് വിക്കറ്റിന് 109 റൺസെന്ന നിലയിലാണ്.

ഓപ്പണറും കേരളത്തിന്റെ അണ്ടർ 16 ടീമംഗവുമായ വിശാൽ ജോർജിന്റെ തകർപ്പൻ ഇരട്ടസെഞ്ച്വറിയാണ് തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ടീം നേടിയത്. വിശാൽ ജോർജ് 250 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളോടെ 208 റൺസ് നേടി. 57 റൺസെടുത്ത ക്യാപ്റ്റൻ ശ്രീഹരി പ്രസാദും ആത്രേയ ബാറ്റിങ് നിരയിൽ തിളങ്ങി. എസ്.ജി. ക്രിക്കറ്റ് സ്കൂളിന് വേണ്ടി തേജസ് എം. ജിജുവും നിഹാൽ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ ഇന്നിങ്സ് 159 റൺസിന് അവസാനിച്ചു. 47 റൺസെടുത്ത അഭിനവ് മധുവും 42 റൺസെടുത്ത ആർ. അശ്വിനും മാത്രമാണ് തൃപ്പൂണിത്തുറയുടെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആനന്ദ് സായ്, ശിവാങ്ക് വി. ജയേഷ്, ആദിൻ വി. ജോസഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിലാണ്. ആരോൺ അലക്സ് 59 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ബി. ദേവർഷ് 74 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട്.

കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബി.കെ. 55 കേരള 197 റൺസെടുത്തു. 52 റൺസെടുത്ത ഹൃതിക് ഹരിദാസിന്റെയും 43 റൺസെടുത്ത ബി. സായ്ദേവിന്റെയും ഇന്നിങ്സുകളുടെ മികവിലാണ് ബി.കെ. 55 കേരള ഭേദപ്പെട്ട സ്കോറിലെത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാർത്തി മജുവാണ് വിന്റേജ് ബൗളിങ് നിരയിൽ തിളങ്ങിയത്. ആർ. ദക്ഷ് മൂന്നും അർമാൻ നിജി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്റേജ് കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തിട്ടുണ്ട്. വസിഷ്ഠ് അരുൺ 46 റൺസോടെ ക്രീസിലുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051