പാലക്കാട്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ ജില്ലാ കലക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.
ആഘോഷങ്ങളുടെ ഭാഗമായുള്ള ശിശുദിന റാലി നവംബർ 14-ന് രാവിലെ ഒമ്പതിന് ആരംഭിക്കും. പി.എം.ജി. സ്കൂളിൽ നിന്ന് തുടങ്ങി ഗവ. മോയൻ എൽ.പി. സ്കൂളിൽ സമാപിക്കുന്ന റാലിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും. കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവരായിരിക്കും റാലിയെ നയിക്കുന്നത്. എ.ഇ.ഒ. പി. രമേഷൻ പാറപ്പുറത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഡി.ഡി.ഇ. സലിന ബീഗം ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ മുഖ്യതിഥിയാകും.
റാലിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രഭാതഭക്ഷണവും ലഘുഭക്ഷണവും നൽകുമെന്നും ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും ശിശുദിന റാലി സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
റാലിയിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി.), ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.), എൻ.സി.സി. എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാനും പറമ്പിക്കുളത്ത് ‘ആരണ്യകം’ വായനശാല ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, ശിശുക്ഷേമ സമിതി സെക്രട്ടറി പി. കൃഷ്ണൻകുട്ടി, ജോയിന്റ് സെക്രട്ടറി കെ.എം. വാസുദേവൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സി.ഡി.പി.ഒ.മാർ തുടങ്ങിയവർ പങ്കെടുത്തു.