anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് കെ.എസ്.ആർ.ടി.സി ടെർമിനലിന് കെട്ടിട നമ്പർ ലഭ്യമാക്കും* രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ നിർദേശം

പാലക്കാട് കെ.എസ്.ആർ.ടി.സി ടെർമിനലിന് കെട്ടിട നമ്പർ ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ചേർന്നു. രമേഷ് പിഷാരടി എം.എൽ.എയുടെ ആവശ്യപ്രകാരം മന്ത്രിയുടെ നിയമസഭാ ഓഫീസിലായിരുന്നു യോഗം. രണ്ട് മാസത്തിനകം ടെർമിനലിന് കെട്ടിട നമ്പർ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് പൂർണമായും വിനിയോഗിച്ച് നിർമിച്ച ടെർമിനൽ വർഷങ്ങൾക്കുമുമ്പ് പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും നഗരസഭ ഇതുവരെ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല. ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിനായി നീക്കിവെച്ച സ്ഥലത്ത് അനധികൃതമായി കടകൾ പ്രവർത്തിക്കുന്നതാണ് കെട്ടിട നമ്പർ ലഭിക്കുന്നതിന് പ്രധാന തടസ്സമെന്ന് രമേഷ് പിഷാരടി എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മന്ത്രി നിർദേശം നൽകിയത്. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നുവരുന്ന ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (ടി.എം.സി) യോഗങ്ങളിലെ ചർച്ചകളെത്തുടർന്ന് കടകൾ മാറ്റിസ്ഥാപിക്കാൻ വ്യാപാരികൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.

പുതിയ കെട്ടിടത്തിൽനിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്ക് (എസ്.ടി.പി) കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കൂടാതെ പാലക്കാട്–ബെംഗളൂരു എ.സി. ബസ് സർവീസിന്റെ വിജയകരമായ പ്രവർത്തനം പരിഗണിച്ച് ഒരു അധിക ബസ് അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ക്രിസ്മസ്–പുതുവത്സര അവധിക്കാലത്ത് പാലക്കാട് നഗരത്തിൽ ഉല്ലാസയാത്രയ്ക്കായി ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

യോഗത്തിൽ കെ.എസ്.ആർ.ടി.സി. സി.എം.ഡി. പ്രമോദ് ശങ്കർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് എൻജിനീയർ ജി.പി. പ്രദീപ്കുമാർ, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷറഫ് മുഹമ്മദ്, ചീഫ് ലോ ഓഫീസർ ഹെന, എസ്റ്റേറ്റ് ജനറൽ മാനേജർ ഉല്ലാസ് ബാബു, പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051