
തിരുവനന്തപുരം: ഇന്ത്യൻ സഹകരണ മേഖലയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘കോ–എയർ’ വിമാനക്കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരത്ത് ഔപചാരികമായി തുടക്കമായി. സാധാരണക്കാർക്കും കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ മേഖലയിലെ ഈ നൂതന സംരംഭം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്.
വിമാനയാത്ര സമ്പന്നർക്കു മാത്രമുള്ള സൗകര്യമെന്ന ധാരണ മാറ്റി, സാധാരണക്കാരിലേക്കും വിമാനയാത്രയുടെ സാധ്യതകൾ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സഹകരണ മേഖലയുടെ കൂട്ടായ്മയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തി വ്യോമയാനരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാനാണ് സംരംഭകരുടെ ശ്രമം.
കമ്പനിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ബൈലോയും സഹകരണ മന്ത്രി എം. ലിജുവിന് കൈമാറിയതോടെയാണ് പ്രാരംഭ നടപടികൾക്ക് ഔപചാരിക തുടക്കമായത്.
എറണാകുളം ജില്ലയിലെ നെടുമ്പാശേരി ആസ്ഥാനമാക്കി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്ന കോ–എയർ, ആദ്യഘട്ടത്തിൽ കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് വിമാന സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നത്.
സംരംഭം യാഥാർഥ്യമാകുന്നതോടെ പ്രാരംഭഘട്ടത്തിൽ തന്നെ ഇരുനൂറോളം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാന സർവീസുകൾക്കു പുറമെ ഭാവിയിൽ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾ ആരംഭിക്കുന്നതും കമ്പനിയുടെ പദ്ധതികളിലുണ്ട്. ഇതിലൂടെ കേരളത്തിലെ യുവജനങ്ങൾക്ക് വ്യോമയാനരംഗത്ത് കൂടുതൽ തൊഴിൽ, പരിശീലന സാധ്യതകൾ തുറന്നുകൊടുക്കാനാകുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന്റെ വ്യോമയാന വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും പുതിയ സാധ്യതകൾ തുറന്നുനൽകാൻ കോ–എയറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.
ലോക വ്യോമയാന ഭൂപടത്തിൽ കേരളത്തിന്റെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ നൂതന സംരംഭത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ അഭിമാനവും ചാരിതാർഥ്യവുമുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ് പറഞ്ഞു. സഹകരണ മേഖലയിലെ കൂട്ടായ പരിശ്രമത്തിലൂടെ സാധാരണക്കാരുടെ വിമാനയാത്രാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വലിയ ചുവടുവയ്പ്പായിരിക്കും കോ–എയർ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള വ്യോമയാന അനുമതികളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. സർവീസുകൾ ആരംഭിക്കുന്ന തീയതിയും ടിക്കറ്റ് നിരക്കുകളും സംബന്ധിച്ച വിവരങ്ങൾ പിന്നീട് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോക്ടർ പി മുരളി മോഹൻ അനുഗ്രഹ വിഷൻ ന്യൂസ്