anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും….

കൊച്ചി. ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീതചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4K Ultra HD ദൃശ്യവ്യക്തതയിലും 7.1 Surround Sound മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാൽ ദേവരാജാണ്.

പീപ്പിൾസ് ഫിലിം അക്കാദമിയും ചാനൽ ഫൈവും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

കെ. വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ. വി. സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി,തുളസി,ചന്ദ്രമോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇന്നും മായാത്ത അനുഭവമാണ്.

കെ. വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ‘ശങ്കരാ… നാദശരീരഭരാ’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അനശ്വര ഗാനങ്ങളിലൊന്നാണ്. തലമുറകൾ പിന്നിട്ടിട്ടും ഈ ഗാനവും ചിത്രത്തിലെ മറ്റു സംഗീതമുഹൂർത്തങ്ങളും ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും ആവിഷ്കരിച്ച ചിത്രം ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 1980-ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ കൈയിൽനിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ‘ശങ്കരാഭരണം’. കൂടാതെ, രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന അപൂർവ്വ ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വം വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയ ഈ ചിത്രം നേടിയ അംഗീകാരങ്ങൾ അതിന്റെ ചരിത്രപ്രാധാന്യത്തിന് കൂടുതൽ തിളക്കമേകുന്നു.

പുതിയ ഡിജിറ്റൽ പതിപ്പിലൂടെ ചിത്രത്തിന്റെ ദൃശ്യ-ശ്രാവ്യ മികവ് വലിയ സ്ക്രീനിൽ അനുഭവിക്കാനാകും. പ്രത്യേകിച്ച് എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ശബ്ദം 7.1 Surround Sound-ൽ ആസ്വദിക്കാനുള്ള അവസരം സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമായിരിക്കും. പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയ്ക്ക് തിയേറ്ററിൽത്തന്നെ ഈ ക്ലാസിക്കൽ അനുഭവം ആസ്വദിക്കാനും റീ-റിലീസ് അവസരമൊരുക്കുമെന്നതിൽ സംശയമില്ല.
പി.ആർ.ഒ- എ.എസ്. ദിനേശ്, മനു ശിവൻ.

Spread the News

Leave a Comment

IMG 20260806 WA0051