ചെർപ്പുളശ്ശേരി: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് മാരായമംഗലം കൈരളി ഗ്രന്ഥശാലയുടെ ഫിറ്റ്നസ് ക്ലബും മാരായമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച മിനി മാരത്തോൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
“അരുതേ മയക്കുമരുന്ന്” എന്ന ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിച്ച മിനി മാരത്തോണിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി എൺപതോളം അത്‌ലറ്റുകൾ ആവേശത്തോടെ പങ്കെടുത്തു. ഒമ്പത് വയസ്സുകാരനായ കൈരളി ബാലവേദി അംഗം ശ്രാവൺ, 77 വയസ്സുകാരനായ വാസു കോഴിക്കോട്, കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ 72 വയസ്സുകാരി ടി. ആർ. തങ്കമ്മ, കോയമ്പത്തൂർ സ്വദേശിയായ പഴനിവേൽ എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായി.
മാരായമംഗലം ഹൈസ്കൂൾ അങ്കണത്തിൽനിന്ന് ആരംഭിച്ച മിനി മാരത്തോൺ തച്ചങ്ങാട്, നെല്ലായ സിറ്റി, പള്ളിപ്പടി, പട്ടിശ്ശേരി വഴി സഞ്ചരിച്ച് കൈരളി ഗ്രന്ഥശാല പരിസരത്ത് സമാപിച്ചു. റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. രവികുമാർ മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
സമാപന സമ്മേളനം മാരായമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കെ. സി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം. ശശികുമാർ അധ്യക്ഷത വഹിച്ചു.
കായികാധ്യാപകൻ ഡോ. വിപിൻ ശങ്കർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അശ്വതി , ഡോ. കെ. അജിത്, എം. ഗിരീഷ്, വി. പി. ദിലീപ്, പി. ഉണ്ണികൃഷ്ണൻ, എം. കെ. സുനീഷ്, പി. മോഹൻദാസ്, പി. കെ. വാസുദേവൻ, സി. അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ചു.
മിനി മാരത്തോണിൽ പങ്കെടുത്ത മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വനിതാ വിഭാഗത്തിൽ നിയ, ശ്രീലക്ഷ്മി, സവിത എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷ വിഭാഗത്തിൽ മുഹമ്മദ് സാബിത്, അവിനാശ്, പഴനിവേൽ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
ജേതാക്കൾക്കും വിജയകരമായി പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞയോടെയാണ് മിനി മാരത്തോൺ സമാപിച്ചത്.
