പാലക്കാട്: അട്ടപ്പാടിയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശിശുമരണങ്ങൾ കേവലം ആരോഗ്യപ്രശ്നമല്ലെന്നും ആദിവാസി ജനതയുടെ ജീവിതസാഹചര്യങ്ങളോടും പോഷകാഹാര ലഭ്യതയോടും ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനങ്ങളോടും ബന്ധപ്പെട്ട ഗുരുതരമായ ഭരണപരാജയമാണെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലൈല ഷംസുദ്ദീൻ. നാല് മാസത്തിനിടെ പത്ത് കുഞ്ഞുങ്ങളുടെ ജീവനാണ് അട്ടപ്പാടിയിൽ നഷ്ടപ്പെട്ടത്. ഓരോ മരണത്തിന്റെയും ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും ആദിവാസി കുഞ്ഞുങ്ങളുടെ ജീവന് അർഹമായ വില കൽപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ഡി.എം.ഒ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ആദിവാസി കുഞ്ഞുങ്ങളുടെ മരണം ആവർത്തിക്കുമ്പോഴും മരണങ്ങളുടെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ കഴിയാത്തത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. മരണങ്ങൾ സംഭവിച്ചശേഷം അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതല്ല സർക്കാരിന്റെ ഉത്തരവാദിത്വം. മരണങ്ങൾ സംഭവിക്കാതിരിക്കാനുള്ള സാഹചര്യം മുൻകൂട്ടി ഒരുക്കുകയാണ് വേണ്ടത്. ഗർഭിണികൾക്ക് കൃത്യമായ പരിശോധനയും പരിചരണവും ഉറപ്പാക്കുക, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുക, ഉയർന്ന ആരോഗ്യപ്രശ്നസാധ്യതയുള്ള ഗർഭിണികളെ കണ്ടെത്തി പ്രത്യേക നിരീക്ഷണത്തിലാക്കുക, നവജാത ശിശുക്കൾക്ക് സമയബന്ധിതമായ ചികിത്സ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു.
വിശപ്പ് മാറാത്ത ജീവിതസാഹചര്യങ്ങളിൽ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാവില്ല എന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയണം. ആദിവാസി കുടുംബങ്ങൾക്ക് തനതായ കൃഷി ചെയ്യാൻ ആവശ്യമായ ഭൂമിയും സാഹചര്യങ്ങളും നഷ്ടപ്പെട്ടതോടെ പോഷകസമൃദ്ധമായ ഭക്ഷണം സ്വയം ഉൽപാദിപ്പിക്കാനുള്ള അവസരവും പരിമിതപ്പെട്ടിരിക്കുകയാണ്. റാഗി ഉൾപ്പെടെയുള്ള പരമ്പരാഗത ഭക്ഷ്യധാന്യങ്ങളും പാൽ, മുട്ട, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പോഷകാഹാരങ്ങളും കുടുംബങ്ങളുടെ ഭക്ഷണശീലങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ലഭ്യമാക്കണം. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക പോഷകാഹാര പദ്ധതി നടപ്പാക്കണം. ഇതിനായി സമൂഹ അടുക്കളകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിഗണിക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജില്ലാ ആശുപത്രിക്ക് സമാനമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും വിദഗ്ധ ഡോക്ടർമാരുടെയും ആവശ്യമായ ജീവനക്കാരുടെയും സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ചെറിയ ചികിത്സാ ആവശ്യങ്ങൾക്കുപോലും പാലക്കാടും തൃശ്ശൂരും ഉൾപ്പെടെയുള്ള ദൂരസ്ഥലങ്ങളിലേക്ക് രോഗികളെ റഫർ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. അട്ടപ്പാടിയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തുകയും മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ, പരിശോധനാ സംവിധാനങ്ങൾ, അടിയന്തര ആംബുലൻസ് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും വേണം.വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ആസ്യ സൈതലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുലൈഖ റഷീദ്,
അട്ടപ്പാടി മൂപ്പൻ സോറി യൻ മൂപ്പൻ,
മനുഷ്യാവകാശ പ്രവർത്തകൻ കെ. അട്ടപ്പാടി കാർത്തികേയൻ, ജില്ലാ വൈസ് പ്രസിഡന്റ് ലൈല ഫക്രുദ്ദീൻ
എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സൈനബ അലി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു മുരളി, ജില്ലാ കമ്മിറ്റിയംഗം നിലാവർ നിസ തുടങ്ങിയവർ സംബന്ധിച്ചു
അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ഓരോ മരണവും പ്രത്യേകം അന്വേഷിക്കണമെന്നും ഗർഭകാല പരിചരണം മുതൽ പ്രസവാനന്തര ശുശ്രൂഷ വരെയുള്ള ആരോഗ്യവകുപ്പിന്റെ ഇടപെടലുകൾ പരിശോധിക്കണമെന്നും ധർണയിൽ ആവശ്യപ്പെട്ടു. പോഷകാഹാര വിതരണം, ചികിത്സാ ലഭ്യത, ആരോഗ്യപ്രവർത്തകരുടെ സേവനം, ആശുപത്രികളുടെ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണം. ആദിവാസി കുടുംബങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കൃഷിക്കും ഉപജീവനത്തിനും ആവശ്യമായ പിന്തുണ നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
ആദിവാസി കുഞ്ഞുങ്ങളുടെ മരണം ആവർത്തിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക പ്രഖ്യാപനങ്ങളിലോ അന്വേഷണ ഉത്തരവുകളിലോ സർക്കാർ ഉത്തരവാദിത്വം ഒതുക്കരുത്. ആരോഗ്യവും പോഷകാഹാരവും ഭൂമിയും ഉൾപ്പെടെയുള്ള അടിസ്ഥാന ജീവിതാവകാശങ്ങൾ ഉറപ്പാക്കുന്ന സമഗ്രമായ ഇടപെടൽ ഉണ്ടാകുന്നതുവരെ വിമൻ ഇന്ത്യ മൂവ്മെന്റ് ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ജവൈരിയ ഖലീൽ
മീഡിയ ഇൻചാർജ്
+91 95448 20303
വിമൻ ഇന്ത്യ മൂവ്മെന്റ്
പാലക്കാട് ജില്ലാ കമ്മിറ്റി