anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേവലം ആദരവുകൊണ്ട് മാത്രം ഒരു ഭാഷയും നിലനിൽക്കില്ല: ഡോ. ടി. ശ്രീവത്സന്‍ മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും നടത്തി

പാലക്കാട്. ഭാഷയിലൂടെ ആവിഷ്കരിക്കപ്പെട്ട അറിവുകളെ എക്കാലത്തേക്കുമായി സംരക്ഷിക്കുമ്പോഴാണ് ഭാഷ നിലനിൽക്കുന്നതെന്ന് ചിറ്റൂർ ഗവ കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി. ശ്രീവത്സന്‍. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുനെസ്കോയുടെ നിർവചനത്തിൽ ഉത്ഭവം, ഉപയോഗം, സ്വത്വം എന്നീ ഘടകങ്ങളാണ് മാതൃഭാഷയെ അടയാളപ്പെടുത്തുന്നത്. ഭാഷ എന്നത് ഒരു വ്യക്തിയുടെ സ്വത്വത്തിൻ്റെ മുഖ്യ അടയാളമാണെന്നും നിലവിൽ ലോകത്ത് ഏഴായിരത്തോളം ഭാഷകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.IMG 20261102 WA0151

ഗൃഹാതുരത്വം കൊണ്ടോ കേവലമായ ആവേശം കൊണ്ടോ മാത്രം ഒരു ഭാഷ നിലനിൽക്കില്ല. അത് നമ്മുടെ ആവശ്യകതയായി ബോധ്യപ്പെടുമ്പോൾ മാത്രമാണ് ഭാഷ അതിജീവിക്കുന്നത്. പ്രാചീനത കൊണ്ടാണ് ലോകത്തിലെ പല ഭാഷകൾക്കും ‘ശ്രേഷ്ഠഭാഷ’ പദവി ലഭിക്കുന്നത്. എന്നാൽ,കേവലം ആദരവുകൊണ്ട് മാത്രം ഒരു ഭാഷയും നിലനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ സാമൂഹ്യജീവിയാക്കുന്നത് ഭാഷയാണ്. മറ്റ് ജീവികൾക്കും ആശയവിനിമയ സംവിധാനങ്ങളുണ്ടെങ്കിലും, മനുഷ്യൻ്റെ ഭാഷയിൽ നിന്ന് വ്യത്യസ്തമാകുന്നത് അതിൻ്റെ സർഗാത്മകതയാണ്. മനുഷ്യൻ ഒരു ഭാഷാജീവിയാണെന്നും ഏത് ഭാഷയും പഠിക്കാനുള്ള ജന്മസിദ്ധമായ ശേഷി മനുഷ്യനുണ്ടെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.IMG 20261102 WA0153

ഫയലുകളിലും കുറിപ്പുകളിലും ലളിതമായ അച്ചടിഭാഷ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മറ്റുള്ളവർക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന തരത്തിലുള്ള ലളിതശൈലിയാണ് ഭാഷയ്ക്ക് വേണ്ടതെന്നും ജില്ലാ കളക്ടർ കെ. സുധീര്‍ പറഞ്ഞു. മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഉദ്ഘാടനവും ഭരണഭാഷാ പ്രതിജ്ഞയും ജില്ലാ കലക്ടര്‍ നിർവഹിച്ചു.IMG 20261102 WA0154

ഈ വര്‍ഷത്തെ ഭരണഭാഷാ പുരസ്‌കാര ജേതാവ് വി. മണികണ്ഠനെ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറും മലയാളഭാഷ നോഡല്‍ ഓഫീസറുമായ പി. ഷിബു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ‘വോയ്‌സ് ഓഫ് കലക്ടറേറ്റ്’ ‘കേരളവും മലയാളഭാഷയും’ ഗാനോപഹാരം അവതരിപ്പിക്കുകയും ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്തു.

Spread the News

Leave a Comment

IMG 20260806 WA0051