കോഴിക്കോട്: സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർഥിനികളെ പീഡി പ്പിച്ചെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങളത്ത് വെച്ച് എലത്തൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.
അധ്യാപകനെതിരെ എട്ട് പോക് സോ കേസുകളാണ് എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളിൽ നിന്ന് കൊടൈക്കനാലിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ എട്ട് ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.
സെപ്റ്റംബർ 24നായിരുന്നു വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്ക്കിടെ അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായ വിവരം കുട്ടികൾ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ കുട്ടികൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതോടെ അധ്യാപകൻ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വെങ്ങളത്ത് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പിടിയിലായത്