anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗോത്രവര്‍ഗത്തിലെ അമ്മമാര്‍ക്കായി സ്വന്തം ഭാഷയില്‍ ആരോഗ്യ സന്ദേശം; ബോധവത്ക്കരണ വീഡിയോകള്‍ പ്രകാശനം ചെയ്തു

   പാലക്കാട്.    ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ഗോത്രവര്‍ഗത്തിലെ അമ്മമാര്‍ക്കായി നിര്‍മിച്ച ബോധവത്കരണ ഹ്രസ്വ വീഡിയോകളുടെയും റീലുകളുടെയും പ്രകാശനം പട്ടികജാതി- പട്ടികവര്‍ഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ തുളസി നിര്‍വഹിച്ചു.

ഗോത്രമേഖലയില്‍ ഉള്ളവരുടെ ആരോഗ്യ സംരക്ഷണം പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു. ഗോത്രവിഭാഗങ്ങള്‍ക്കും പുറത്തുള്ളവര്‍ക്കും അവബോധം ഉണ്ടാക്കുന്നതിന് ഹ്രസ്വവീഡിയോകള്‍ പ്രയോജനപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടി മേഖലയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും വനിതാശിശു വികസന വകുപ്പും സംയുക്തമായാണ് ബോധവല്‍ക്കരണ വീഡിയോകള്‍ നിര്‍മിച്ചത്. സ്ത്രീകള്‍ക്കിടയിലെ പുകയില ഉപയോഗം ഇല്ലാതാക്കുന്നതിനും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ഗര്‍ഭകാല പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ്, നവജാതശിശു പരിപാലനം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

മലയാളത്തിന് പുറമെ ഇരുള, കുറുംബ, മുഡുക എന്നീ ഭാഷകളിലായി 12 ഹ്രസ്വ വീഡിയോകളും 36 റീലുകളുമാണ് നിര്‍മിച്ചിരിക്കുന്നത്. ആദിവാസി സമൂഹങ്ങളിലേക്ക് അവരുടെ സ്വന്തം ഭാഷയില്‍ വിവരങ്ങള്‍ എത്തിക്കുക, മെച്ചപ്പെട്ട ആരോഗ്യ ശീലം വളര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിലൂടെ ലക്ഷ്യമിടുന്നത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്) എന്‍ സരിത അധ്യക്ഷയായി. ജില്ലാ കലക്ടര്‍ കെ സുധീര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051