anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

‘ സംസ്തുതി സമ്മാൻ’ കഥകളി നടൻ കലാമണ്ഡലം ഇ. വാസുദേവൻ നായർ ഏറ്റുവാങ്ങും .. ധനു അവിട്ടം ഡിസംബർ 24 ന്

ചെർപ്പുളശ്ശേരി. കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായർ ആശാൻ അനുസ്മരണമായി നടത്താറുള്ള ധനു അവിട്ടം ഈ വർഷം 2025 ഡിസംബർ 24 ബുധനാഴ്ച വിപുലമായ പരിപാടികളോടെ വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ സംഘടിപ്പിക്കുന്നു.

കുഞ്ചുനായർ ആശാന്റെ അരങ്ങേറ്റത്തിന്റെ നൂറാം വർഷത്തിൽ കേളി, തോടയം, പുറപ്പാട്, മേളപ്പദം, ചൊല്ലിയാട്ടം, അനുസ്മരണ സമ്മേളനം, പുസ്തകപ്രകാശനം, സംസ്തുതി സമ്മാൻ സമർപ്പണം, കഥകളി എന്നിങ്ങനെ തുടങ്ങുന്ന സമ്പന്നമായ ആഘോഷ പരിപാടികൾക്ക് ട്രസ്റ്റ് ഹാളിൽ അന്ന് കാലത്ത് 10.30 നു തിരി തെളിയും.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്ന, കഥകളിയിലെ ഏറ്റവും മൂല്യവത്തായ, ‘സംസ്തുതി സമ്മാൻ’ ഈ വർഷം പ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം ഇ. വാസുദേവൻ നായർക്ക് സമ്മാനിക്കുന്നു. പി എസ് വി നാട്യസംഘം, കേരള കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിലായി വാഴേങ്കട കുഞ്ചുനായർ, കോട്ടക്കൽ കൃഷ്ണൻകുട്ടി നായർ, ഗോപി നായർ എന്നീ ഗുരുവര്യന്മാരുടെ കീഴിൽ ഏതാണ്ട് പത്തു വർഷം അഭ്യസിച്ച വാസുദേവൻ നായർ പച്ച, കത്തി വേഷങ്ങളാണ് പ്രധാനമായും ചെയ്തു വന്നത്. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് ‘സംസ്തുതി സമ്മാൻ’ പുരസ്കാരം നൽകി വരുന്നത്.

വാഴേങ്കട കുഞ്ചുനായർ ആശാന്റെ അരങ്ങേറ്റത്തിന്റെ നൂറാം വർഷത്തിൽ, അദ്ദേഹം രചിച്ച ‘കഥകളി ആട്ടം – പ്രകാരങ്ങൾ’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഇരുപത്തിയെട്ട് ആട്ടക്കഥകളിലെ എഴുപത്തിയഞ്ചു കഥാപാത്രങ്ങളെ മുൻനിർത്തി ആശാൻ സ്വന്തം ഡയറിയിൽ കുറിച്ചുവച്ച ആട്ടങ്ങളും, ആട്ടപ്രകാരങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം.

കുഞ്ചുനായർ ആശാൻ നൂറു വർഷം മുൻപ് വാഴേങ്കട ക്ഷേത്രത്തിൽ അരങ്ങേറിയ സുഭദ്രാഹരണം കഥകളി കോട്ടക്കൽ പി എസ് വി നാട്യസംഘത്തിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്നു.

 

Spread the News

Leave a Comment

IMG 20260806 WA0051