anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ സ്‌കൂൾ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി; രജിസ്ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യമായ റസിഡന്‍ഷ്യല്‍ ഫിനിഷിംഗ് സ്‌കൂള്‍ പ്രോഗ്രാം ‘ജെയിന്‍ യൂണിവേഴ്സിറ്റി സമ്മര്‍ സ്‌കൂള്‍ – 2026’, ഏപ്രില്‍,മെയ് മാസങ്ങളിലായി ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ആദ്യമായി സംഘടിപ്പിച്ച സമ്മര്‍ സ്‌കൂളിന് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രമുഖരായ നിരവധി പ്രഭാഷകരുടെ സാന്നിധ്യവും വൈവിധ്യമാര്‍ന്ന സെഷനുകളും കഴിഞ്ഞ തവണത്തെ പ്രത്യേകതയായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് രണ്ടാം പതിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായാണ് രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്.
​ആകെ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിപാടിയില്‍ പ്രവേശനം ലഭിക്കുക. ഇതില്‍ 30 സീറ്റുകള്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കും 30 സീറ്റുകള്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കുമാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ക്ക് https://jainuniversitykochi.com/summer-school-2026/ എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 14-നകം അപേക്ഷിക്കാം. ക്യാമ്പിൽ പങ്കെടുക്കാനുള്ള തങ്ങളുടെ താല്പര്യവും കാരണവും വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതുണ്ട്.

​പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം, ആധുനിക ലോകത്ത് അത്യന്താപേക്ഷിതമായ പ്രായോഗിക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും അക്കാദമിക് മികവിനും വ്യക്തിത്വ വികസനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെകളിൽ വിമർശനാത്മക ചിന്ത , ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റല്‍ അവബോധം എന്നിവയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിവിധ അക്കാദമിക് വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാനും മികച്ച കരിയര്‍ പാത തിരഞ്ഞെടുക്കാനുള്ള വ്യക്തത നേടാനും സാധിക്കും. ലൈഫ് ആന്‍ഡ് ലീഡര്‍ഷിപ്പ് ലാബുകളിലൂടെ തൊഴിലിടങ്ങളിലെ മര്യാദകൾ, കൂട്ടായ്മ, പ്രശ്നപരിഹാര ശേഷി എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. വൈകുന്നേരങ്ങളില്‍ സംഗീതം, കഥ പറച്ചില്‍, നൃത്തം, കായിക വിനോദങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പരസ്പരമുള്ള സൗഹൃദങ്ങള്‍ വളര്‍ത്താനും അവസരമൊരുക്കും.

​ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള അനുഭവങ്ങൾ ഈ സമ്മര്‍ സ്‌കൂളിന്റെ പ്രധാന സവിശേഷതയാണ്. ഇതിന്റെ ഭാഗമായി ഒരു മാതൃകാ ഇക്കോ-ടൂറിസം വില്ലേജ് സന്ദര്‍ശിച്ച് സുസ്ഥിര വികസനത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാം. കൂടാതെ, കൊച്ചി വാട്ടർ മെട്രോ പദ്ധതി സന്ദർശിക്കുന്നതിലൂടെ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് അറിവ് നേടാനും സാധിക്കും. സാമൂഹിക ഉത്തരവാദിത്തവും സഹാനുഭൂതിയും വളർത്തുന്നതിനായി ഒരു വൃദ്ധസദനം സന്ദർശിക്കുന്നതും വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസം, ഭക്ഷണം, പഠന ക്ലാസുകള്‍, സന്ദര്‍ശന യാത്രകള്‍ എന്നിവയുടെ മുഴുവന്‍ ചെലവും യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്.

​തിയറി ക്ലാസുകൾക്കപ്പുറം, അതിവേഗം മാറുന്ന ആധുനിക ലോകത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നതാണ് ഈ സമ്മർ സ്കൂളിന്റെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. അക്കാദമിക് മികവിനൊപ്പം നേതൃഗുണവും വിമർശനാത്മക ചിന്താശേഷിയുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ പരിശീലനം വലിയൊരു ചുവടുവെപ്പാകും.പ്രകൃതിയെ അറിഞ്ഞും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സംവദിച്ചുമുള്ള ഇത്തരം അനുഭവങ്ങൾ അവരുടെ ഉപരിപഠനത്തിലും കരിയറിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് – +91 7034052828.

Spread the News

Leave a Comment

IMG 20260806 WA0051