anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പക്ഷിപ്പനി: ജാഗ്രത പാലിക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍*

മലപ്പുറം :സമീപ ജില്ലയായ കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ ജയന്തി അറിയിച്ചു. പക്ഷികളില്‍ കാണപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന പകരുന്ന രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. കോഴി, താറാവ്, കാട, വാത്ത്, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങി എല്ലാ ഇനം പക്ഷികളേയും ഈ രോഗം ബാധിക്കാം. എന്നാല്‍ അപൂര്‍വ്വമായി പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാം. മനുഷ്യരിലെ രോഗം ഗുരുതരമാവാനും സാധ്യതയുണ്ട്. അതിനാല്‍ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കണം. രോഗബാധയേറ്റ കോഴി ,താറാവ്, വളര്‍ത്തു പക്ഷികള്‍ ഇവയെ പരിപാലിക്കുന്നവര്‍, അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, മാംസം കൈകാര്യം ചെയ്യുന്നവര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, രോഗ നിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍, സഹായികള്‍ എന്നിവര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പനി, ശക്തമായ ശരീര വേദന, കണ്ണിന് ചുവപ്പ്, ചുമ, വയറിളക്കം, മൂക്കൊലിപ്പ് കഫത്തില്‍ രക്തം കാണുക, ശ്വാസം മുട്ട് എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങള്‍.

*മുന്‍കരുതലുകള്‍*

പക്ഷികളോ മൃഗങ്ങളോ ചത്ത് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്.

പക്ഷികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് സുരക്ഷിതമായി സംസ്‌കരിക്കുക.

പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തില്‍ വിഴുകയോ മൃതശരീരം തൊടുകയോ ചെയ്യേണ്ടിവന്നാല്‍ ഉടന്‍തന്നെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ കുളിക്കുകയോ ചെയ്യുക.

വളര്‍ത്തു പക്ഷികളുടെ കൂടു വൃത്തിയാക്കുമ്പോഴും മുട്ട, മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്‌ക്കും നീളമുള്ള കൈയ്യുറയും ധരിക്കുക

കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളുമായി കഴിയുന്നതും അകലം പാലിക്കുക.

വളര്‍ത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.

പക്ഷികള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപഴകരുത്.

മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് (70 ഡിഗ്രി സെല്‍ഷ്യസില്‍ അര മണിക്കൂര്‍) മാത്രം കഴിക്കുക.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. സ്വയം ചികിത്സ പാടില്ല മേല്‍ പറഞ്ഞ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051