anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്ടെത്തും; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്ടെത്തും. വൈകിട്ട് 3 മണിക്ക് കോട്ടമൈതാനത്ത് നടക്കുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പു സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന അദ്ദേഹം കാർ മാർഗം വൈകിട്ട് നാല് മണിയോടെ കോട്ടമൈതാനത്തെ വേദിയിലെത്തും. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിക്ക് ശേഷം രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ തന്നെ മടങ്ങുമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി, യു.ഡി.എഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ എന്നിവർ അറിയിച്ചു.

ഇന്ന് വൈകിട്ട് 4 മുതൽ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 മണി മുതൽ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം: ഈ ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം. കെ.എസ്.ആർ.ടി.സി ബസുകൾ കണ്ണനൂരിൽ നിന്നു തിരിഞ്ഞു തിരുനെല്ലായി തങ്കം ജംക്‌ഷൻ, യാക്കര–തോട്ടിങ്കൽ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി മടങ്ങണം.

കോയമ്പത്തൂർ, പൊള്ളാച്ചി: ഈ ഭാഗങ്ങളിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി, തമിഴ്നാട് ബസുകൾ കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര ഡി.പി.ഒ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി മടങ്ങണം.

കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ: ഈ റൂട്ടിൽ നിന്നുള്ള സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും കാടാങ്കോട്ടു നിന്ന് ദേശീയപാത ചന്ദ്രനഗർ–കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.

തേങ്കുറുശ്ശി, നെന്മാറ: ഈ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജംക്‌ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.

പൂടൂർ കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി: ഈ റൂട്ടിലെ എല്ലാ ബസുകളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുതറ, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിലെത്തി അതേ വഴി തന്നെ മടങ്ങണം.

കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി: ഈ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒലവക്കോട്ടു നിന്ന് ബൈപാസ് വഴി കൽമണ്ഡപം ചന്ദ്രനഗർ വഴി കാഴ്ചപ്പറമ്പിലെത്തി പുഴയ്ക്കൽ, യാക്കര, ഡി.പി.ഒ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തണം. സ്വകാര്യ ബസുകൾ ഒലവക്കോട്, ശേഖരീപുരം, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിലെത്തി മടങ്ങണം.

യാത്രക്കാർ ഈ നിയന്ത്രണങ്ങൾ ശ്രദ്ധിച്ച് യാത്രാക്രമീകരണങ്ങൾ നടത്തണമെന്നും, അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാവൂ എന്നും പോലീസ് അഭ്യർത്ഥിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051