anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ്

പാലക്കാട്: സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനമാണ് പാര്‍ട്ടി ലക്ഷ്യമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പാലക്കാട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 36 മണ്ഡലത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കുവാനും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനും കഴിവുള്ളവരെ ഭരണത്തിലെത്തിക്കാന്‍ വിലയേറിയ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണം. വ്യക്തിപരവും പ്രാദേശികവുമായ നൈരാശ്യങ്ങള്‍ക്കുപരി വികസന രാഷ്ട്രീയമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അടിസ്ഥാനമാകേണ്ടത്. വാഗ്ദാന പെരുമഴ തീര്‍ക്കാന്‍ ആര്‍ക്കും സാധിക്കും. അത് നടപ്പാക്കുവാനുള്ള ശേഷിയും ഉത്തരവാദിത്ത ബോധവുമാണ് പരിഗണിക്കേണ്ടത്. യാതൊരു ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കും അടിമപ്പെടാതെ വോട്ടവകാശം വിനിയോഗിക്കുവാന്‍ മുഴുവന്‍ വോട്ടര്‍മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

നിയമസഭയില്‍ ബിജെപിക്കുണ്ടായിരുന്ന അക്കൗണ്ട് പൂട്ടിച്ചവരാണ് കേരളീയര്‍. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് തമ്മിലടിപ്പിക്കുന്ന ബിജെപിക്ക് കേരളത്തില്‍ ഇടം കൊടുക്കാതിരിക്കുവാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. നേമത്തും തൃശൂരും ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വലിയ ചോര്‍ച്ചയാണ് ഉണ്ടായത്. രണ്ട് മുന്നണിയില്‍ നിന്നും നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് കൂട് മാറുന്ന സ്വഭാവം വര്‍ധിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും മതേതരവല്‍ക്കരിക്കുന്നതില്‍ പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്ന വീഴ്ചയാണ് ഇവിടെ പ്രകടമാകുന്നത്. ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള നേതൃപരമായ ഉത്തരവാദിത്തം ഇടത് – വലത് മുന്നണികളിലെ പ്രധാന പാര്‍ട്ടികള്‍ നിര്‍വ്വഹിക്കണം.

പാര്‍ട്ടി മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ കൃത്യമായ രാഷ്ട്രീയ തീരുമാനം എടുത്തിട്ടുണ്ട്. അത് പ്രവര്‍ത്തകരെ അറിയിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും എസ്ഡിപിഐ മുന്നണി സംവിധാനത്തിലാണ് മല്‍സരിക്കുന്നത്. കേരളത്തില്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും മുന്നണിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങുവാന്‍ കഴിയില്ല. 36 മണ്ഡലങ്ങളില്‍ രണ്ട് മുന്നണിക്കും ബിജെപിക്കുമെതിരെ രാഷ്ട്രീയ ബദല്‍ എന്ന സന്ദേശമാണ് പാര്‍ട്ടിയുടെ പ്രധാന പ്രചാരണ സന്ദേശം. അതിന് തടസ്സമാകുന്ന ഒരു നിലപാട് പൊതുവെ എടുക്കുവാനാകില്ല. ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്വീകരിച്ച തിരഞ്ഞെടുപ്പ് നിലപാടിന് കൂടുതല്‍ പ്രചാരവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഇ എസ് ഖാജാ ഹുസൈന്‍, പാലക്കാട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി സംബന്ധിച്ചു.

 

Spread the News

Leave a Comment

IMG 20260806 WA0051