anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മരണമുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്: എക്കോർ (ECCO2R) ചികിത്സാരീതിയിലൂടെ അമ്പത്തിനാലുകാരിക്ക് പുതുജീവൻ നൽകി ‘ആസ്റ്റർ മിംസ്’*

കണ്ണൂർ: കടുത്ത അണുബാധയെത്തുടർന്ന് മരണത്തിന്റെ വക്കിലെത്തിയ അമ്പത്തിനാലുകാരിക്ക് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗിയെ നൂതന ചികിത്സാ രീതിയായ എക്കോർ (ECCO2R) വിജയകരമായി പ്രയോജനപ്പെടുത്തിയാണ് അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.

കടുത്ത പനിയും നെഞ്ചുവേദനയും ശ്വാസതടസ്സവുമായി ആശുപത്രിയിൽ എത്തുമ്പോൾ ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. പരിശോധനയിൽ ശ്വാസകോശത്തിൽ സാരമായ അണുബാധ കണ്ടെത്തി. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും ഹൃദയത്തിന്റെ പ്രവർത്തനം ഏത് നിമിഷവും നിലച്ചുപോകാവുന്ന അവസ്ഥയിലുമായിരുന്നു. അടിയന്തരമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം നൽകേണ്ട സാഹചര്യമായിരുന്നു രോഗിക്ക്.

ഈ സങ്കീർണ്ണമായ അവസ്ഥയിലാണ് ഡോക്ടർ അമിത്തിന്റെ നേതൃത്വത്തിലുള്ള ശ്വാസകോശ തീവ്രപരിചരണ വിഭാ​ഗത്തിലെ മെഡിക്കൽ സംഘം രോഗിക്ക് തുണയായത്. ജീവൻ നിലനിർത്താനായി അതിനൂതനമായ എക്കോർ അഥവാ കാർബൺ ഡയോക്സൈഡ് റിമൂവൽ തെറാപ്പി എന്ന ചികിത്സാരീതിയാണ് പ്രയോജനപ്പെടുത്തിയത്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കാർബൺ ഡയോക്സൈഡ് പുറന്തള്ളി ശ്വാസകോശത്തിന്റെ പ്രവർത്തനം സുഗമമാക്കുന്ന ഈ ചികിത്സാരീതി വെന്റിലേറ്റർ സഹായത്തിനൊപ്പമാണ് നൽകിയത്. ഇതിനൊപ്പം രോഗിയെ കമിഴ്ത്തിക്കിടത്തി ചികിത്സിക്കുന്ന ‘പ്രോണിംഗ്’ രീതിയും ഫലപ്രദമായി സംയോജിപ്പിച്ചു.

ശരീരത്തിലെ അമിതമായ കാർബൺ ഡയോക്സൈഡ് നീക്കം ചെയ്തതോടെ രോഗി അപകടനില പൂർണ്ണമായും തരണം ചെയ്തു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഇവർ സ്വയം ശ്വസിക്കാൻ തുടങ്ങിയെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അമിത് ശ്രീധരൻ പറഞ്ഞു. സാധാരണക്കാർക്കും പ്രാപ്യമായ രീതിയിൽ കുറഞ്ഞ ചെലവിലാണ് ആശുപത്രി ഈ നൂതന ചികിത്സ ലഭ്യമാക്കിയത്. ക്രിട്ടികൽ കെയർ വിഭാഗം മേധാവി ഡോ. റിനോയ് ചന്ദ്രൻ, ഇന്റർ വെൻഷണൽ പൾമനോളജി വിഭാഗം ഡോ. വിഷ്ണു ജി കൃഷ്ണൻ, കാർഡിയക് തൊറാസിക് ആൻഡ് വസ്ക്കുലർ സർജറി വിഭാഗം മേധാവി ഡോ. പ്രസാദ് സുരേന്ദ്രൻ, കാർഡിയക് അനസ്തെഷ്യോളജി വിഭാഗം ഡോ. ഗണേഷ്, കാർഡിയക് വിഭാഗം ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.

 

Spread the News

Leave a Comment

IMG 20260806 WA0051