anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വരുമാനത്തിൽ 18% വർധനവ്; സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മികച്ച നേട്ടവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ*

ബാംഗ്ലൂർ: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം 18 ശതമാനം വർധിച്ച് 1,182 കോടി രൂപയിലെത്തി. കാസർഗോഡ് യൂണിറ്റ് ഒഴികെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കമ്പനിയുടെ പ്രവർത്തന ലാഭം 31 ശതമാനം ഉയർന്ന് 253 കോടി രൂപയായി രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രവർത്തന മികവും കൃത്യമായ ചെലവ് നിയന്ത്രണവുമാണ് പ്രവർത്തന ലാഭത്തിലെ ഈ വർധനവിന് കാരണമായതെന്ന് ആസ്റ്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ബ്ലാക്ക്സ്റ്റോണുമായി ചേർന്നുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനത്തിന് 96.68 ശതമാനം ഓഹരി ഉടമകളും അനുകൂലമായി വോട്ട് ചെയ്തതായും അദ്ദേഹം അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ലയന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസ്റ്ററും ക്വാളിറ്റി കെയറും ചേർന്നുള്ള സംയുക്ത വരുമാനം 18 ശതമാനം വർധിച്ച് 2,361 കോടി രൂപയായും, പ്രവർത്തന ലാഭം 25 ശതമാനം വർധിച്ച് 517 കോടി രൂപയായും ഉയർന്നു. ലയനം പൂർത്തിയാകുന്നതോടെ 28 നഗരങ്ങളിലായി 39 ആശുപത്രികളും 10,620-ലധികം കിടക്കകളുമുള്ള അതിവിപുലമായ ശൃംഖലയായി കമ്പനി മാറും. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സേവന ദാതാക്കളിലൊന്നായി മാറാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

കേരളത്തിലെ ആശുപത്രികളുടെ മികച്ച പ്രകടനമാണ് ആസ്റ്ററിൻ്റെ ഈ വലിയ വളർച്ചയ്ക്ക് കരുത്തായത്. കേരളത്തിലെ മെഡിക്കൽ വാല്യൂ ട്രാവൽ വരുമാനത്തിൽ 51 ശതമാനത്തിന്റെ വൻ വർധനവാണ് ഈ പാദത്തിൽ ഉണ്ടായത്. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ വരുമാനം 16 ശതമാനവും പ്രവർത്തന ലാഭം 26 ശതമാനവും വർധിച്ചു. കോഴിക്കോട് ആസ്റ്റർ മിംസിന്റെ വരുമാനത്തിൽ 21 ശതമാനത്തിന്റെയും പ്രവർത്തന ലാഭത്തിൽ 41 ശതമാനത്തിന്റെയും മികച്ച വളർച്ചയാണുള്ളത്.

കേരളത്തിന് പുറമെ ആന്ധ്ര, തെലങ്കാന ക്ലസ്റ്ററിലെ വരുമാനത്തിൽ 30 ശതമാനവും പ്രവർത്തന ലാഭത്തിൽ 113 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര ക്ലസ്റ്ററിലെ പ്രവർത്തന ലാഭം 25 ശതമാനവും, ബംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡിന്റെ വരുമാനം 15 ശതമാനവും ഉയർന്നു. കൂടാതെ, ആസ്റ്റർ ലാബ്സ് വരുമാനം 18 ശതമാനവും കാർഡിയാക്, ഓങ്കോളജി വിഭാഗങ്ങളിലെ വരുമാനം യഥാക്രമം 25, 23 ശതമാനവും വർധിച്ചതായും അധികൃതർ അറിയിച്ചു. മികച്ച ക്ലിനിക്കൽ പ്രോട്ടോക്കോളുകളുടെയും രോഗികൾക്ക് നൽകുന്ന മികച്ച സേവനങ്ങളുടെയും ഫലമായി ക്വാളിറ്റി കെയർ യൂണിറ്റുകളിലും സമാനമായ സാമ്പത്തിക വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി 20 ആശുപത്രികൾ (5,449 കിടക്കകൾ), 203 ഫാർമസികൾ, 10 ക്ലിനിക്കുകൾ, 304 ലാബുകൾ എന്നിവ ഉൾപ്പെടുന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ അതിവിപുലമായ ശൃംഖല.

Spread the News

Leave a Comment

IMG 20260806 WA0051