anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അദ്ധ്യാപകരുടെ വേര്‍പാടിന്റെ വേദനകളില്‍നിന്ന് കുട്ടികളുടെ കൈപിടിക്കാന്‍ രക്ഷിതാക്കള്‍ക്ക് ‘സ്‌നേഹസ്പര്‍ശം’ പരിശീലനം

കുറുവ: അദ്ധ്യാപകരുടെ വേര്‍പാടിന്റെ വേദനകളില്‍നിന്ന് കുട്ടികളുടെ കൈപിടിക്കാന്‍ രക്ഷിതാക്കള്‍ക്ക് ‘സ്‌നേഹസ്പര്‍ശം’ പരിശീലനം. പാങ്ങ് ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടി കുറുവ ഗ്രാമപഞ്ചായത്തും ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും (ഓട്ടോണമസ്) കോട്ടക്കല്‍ ട്യൂണ്‍ലൈഫും ചേര്‍ന്നൊരുക്കിയ പരിശീലനം രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായി.

വാല്‍പ്പാറ അപകടത്തെ തുടര്‍ന്ന് അദ്ധ്യാപകര്‍ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനും ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതിനാണ് സ്‌നേഹസ്പര്‍ശം സംഘടിപ്പിച്ചത്. വീടുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന സങ്കടങ്ങള്‍ രക്ഷിതാക്കള്‍ പങ്കുവച്ചു. കുട്ടികളെ മാനസിക സംഘര്‍ഷങ്ങളില്‍നിന്ന് കരകയറ്റാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കി. ട്യൂണ്‍ലൈഫ് മാനേജിങ് ട്രസ്റ്റി സൈഫുന്നീസ ആരിഫ്, അക്കാദമിക് ചെയര്‍മാന്‍ പി.എ. ഷറഫുദ്ദീന്‍, ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രൊജക്ട് ഓഫീസര്‍ എ.കെ. അര്‍ച്ചന എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിസന്ധികളില്‍ ആരും ഒറ്റപ്പെടുന്നില്ലെന്നും എല്ലാ സഹായത്തിനും ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ച് കൂടെയുണ്ടാവുമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു. കുട്ടികളുടെ മനസ്സില്‍ നല്ല ഓര്‍മ്മകളാണ് അവശേഷിക്കേണ്ടതെന്നും വേദനിക്കുന്ന വാക്കും പ്രവൃത്തിയും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജെംസ് കോളേജ് എംഎസ്ഡബ്ല്യു ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചര്‍ ആധ്യക്ഷ്യം വഹിച്ചു. കുറുവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്‍ അസീസ്, എം ശാക്കിര്‍, മെംബര്‍ ഉമ്മു ഹബീബ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അഹമ്മദ്കുട്ടി, ജെംസ് ഡയറക്ടര്‍ പി.ടി. ഹംസ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ.ഫിനോസ്, എംഎസ്ഡബ്ല്യു ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജെ. അനിതാ പര്‍വീണ്‍ തുടങ്ങിയവര്‍ പ്രസംംഗിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051