anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐ.ആര്‍.സി.ടി.സി.ക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

മലപ്പുറം.  കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ ഐ.ആര്‍.സി.ടി.സി.ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നടപടി. സേവനത്തില്‍ വീഴ്ച വരുത്തിയതിന് പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ ഹോട്ടലില്‍ നിന്നും പരാതിക്കാരില്‍ നിന്ന് അധികമായി ഈടാക്കിയ 7,827 രൂപ തിരികെ നല്‍കാനും കോടതി വിധിച്ചു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരന്‍ , സഹോദരന്‍ ബാലാജി ശങ്കര്‍, സുഹൃത്ത് മണികണ്ഠന്‍ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ ‘അതിഥി സ്റ്റേ ലോഡ്ജ്’ എന്ന ഹോട്ടലില്‍ മൂന്ന് ദിവസത്തേക്ക് താമസിക്കാനാണ് ഇവര്‍ ഐ.ആര്‍.സി.ടി.സി. വഴി മേക്ക് മൈ ട്രിപ്പ് മുഖേന മുന്‍കൂട്ടി മുറി ബുക്ക് ചെയ്തത്. 2024 ഒക്ടോബറില്‍ തന്നെ തുകയായ 4,173 രൂപ അടച്ച് ബുക്കിംഗ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, 2025 ഫെബ്രുവരി മൂന്നിന് ദീര്‍ഘദൂര യാത്രയ്‌ക്കൊടുവില്‍ അസമയത്ത് ഹോട്ടലില്‍ എത്തിയ പരാതിക്കാര്‍ക്ക് മുറി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഐ.ആര്‍.സി.ടി.സി.യുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഹോട്ടല്‍ സ്വീകരിച്ചത്. കുംഭമേളയുടെ തിരക്കും അപരിചിതമായ സ്ഥലവുമായതിനാല്‍ മറ്റ് താമസസൗകര്യങ്ങള്‍ കണ്ടെത്താനാകാതെ വലഞ്ഞ പരാതിക്കാര്‍ക്ക് ഒടുവില്‍ പ്രതിദിനം 4,000 രൂപ നിരക്കില്‍ അധികത്തുക നല്‍കി ഇതേ ഹോട്ടലില്‍ തന്നെ താമസിക്കേണ്ടി വന്നു. തുടര്‍ന്ന് അധികമായി നല്‍കേണ്ടി വന്ന തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

തങ്ങള്‍ കേവലം ഇടനിലക്കാര്‍ മാത്രമാണെന്നും വീഴ്ച വരുത്തിയത് ഹോട്ടലാണെന്നുമുള്ള എതിര്‍കക്ഷികളുടെ വാദം കമ്മീഷന്‍ തള്ളി. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമെന്ന വിശ്വാസ്യതയിലാണ് പരാതിക്കാര്‍ ഐ.ആര്‍.സി.ടി.സി.യെ സമീപിച്ചതെന്നും അതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. നിശ്ചിത സമയത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം വാര്‍ഷിക പലിശയും നല്‍കേണ്ടിവരും. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ സി.വി. എന്നിവര്‍ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി.

Spread the News

Leave a Comment

IMG 20260806 WA0051