anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു

സമ്പർക്ക പട്ടികയിലെ രണ്ടുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെ കൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. 4 പേർ നിരീക്ഷണത്തിൽ തുടരുന്നു.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ഒരു ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.

രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന റിസ്‌ക് ഉയർന്ന ഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും നിലവിൽ ക്വാറന്റൈനിൽ ആണ്.

നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തം, മൂക്കിലെ സ്രവം (Nasal Swabs) തുടങ്ങിയവയും സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽ (Roosting sites) നിന്ന് ശേഖരിച്ച കാഷ്ടം എന്നിവയുടെയും സാമ്പിളുകൾ ഭോപ്പാലിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്’ (NIHSAD) ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം ഇന്ന് മെഡിക്കൽ കോളേജിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 75 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ സമ്പർക്കപ്പട്ടികയിലെ 95 പേരെ ഇന്ന് കൺട്രോൾ റൂമിൽ നിന്ന് വിളിച്ചു.

സംശയനിവാരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നുള്ള ഒരു കോൾ ആണ് ഇന്ന് കൺട്രോൾ റൂമിലേക്ക് എത്തിയത്. ഇതുവരെ ഇത്തരത്തിലുള്ള 87 കോളുകൾ കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ട്. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി സമ്പർക്ക പട്ടികയിൽ ഉള്ള 5 പേരെ ഇന്ന് വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇത്തരത്തിൽ 108 കോളുകളാണ് വിളിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051