anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വയനാട് ദുരന്തത്തിലും പി എസ് സി പരീക്ഷാ ക്രമക്കേടിലും അന്വേഷണം*: *മുഖ്യമന്ത്രി*

*100 ദിന കർമ്മപദ്ധതികൾ നിരീക്ഷിക്കാൻ ഓപ്പൺ പോർട്ടൽ*

വയനാട് കള്ളാടിയിലെ ദുരന്തത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം നടത്താനും, പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കാനും, സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് നിരീക്ഷിക്കാനായി ഓപ്പൺ പോർട്ടൽ ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തെക്കുറിച്ചും ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തും. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായെന്ന പ്രാഥമിക റിപ്പോർട്ടുകളും പരിശോധിക്കും. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർദേശിച്ച പരിസ്ഥിതി മാനദണ്ഡങ്ങൾ കരാറുകാർ പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും പ്രത്യേക അന്വേഷണം നടത്തും. അപകടസാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷമേ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പി എസ് സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കെ എ എസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. പരീക്ഷാ മാർക്ക് മുൻകൂട്ടി അറിഞ്ഞ് ചില ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ അധിക മാർക്ക് നൽകി റാങ്കിൽ മുന്നിലെത്തിച്ചെന്ന ആരോപണങ്ങൾ ഉൾപ്പടെ അന്വേഷണത്തിന് വിധേയമാക്കും.

വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറുന്നതിനുള്ള മുൻകൂർ അനുമതി തേടിയുള്ള കത്ത് മന്ത്രിസഭ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റി കരാർ വ്യവസ്ഥകൾ, നിയമപരമായ കാര്യങ്ങൾ, കേരളത്തിന്റെ താൽപര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളു. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു തീരുമാനവും സർക്കാർ എടുക്കുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നേരിട്ട് നിരീക്ഷിക്കാൻ രാജ്യത്ത് ആദ്യമായി ഓപ്പൺ പോർട്ടൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിൽ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളർ കോഡുകൾ ഉപയോഗിച്ച് പോർട്ടലിൽ പ്രദർശിപ്പിക്കും. 80 ശതമാനത്തിലധികം പൂർത്തിയായ പദ്ധതികൾക്ക് പച്ച, 50 മുതൽ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നൽകും. പൊതുജനങ്ങളുടെ കൂടി നിരീക്ഷണത്തിലൂടെ 100 ദിവസത്തിനകം വിവിധ വകുപ്പുകൾ മുന്നോട്ടു വച്ചിട്ടുള്ള പദ്ധതികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസിൽ ഉൾപ്പെടെയുള്ള വിവിധ നിയമ ഉദ്യോഗസ്ഥരെയും ഹൈക്കോടതിയിലേക്കുള്ള സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051