anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പരിഷ്‌ക്കരിച്ച വിജിലൻസ് മാന്വൽ അഴിമതിക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും: മന്ത്രി രമേശ് ചെന്നിത്തല*

*പരിഷ്‌കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു*

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയുള്ള വിജിലൻസ് മാന്വൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

2002-ന് ശേഷം ആദ്യമായാണ് വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ ബോധവൽക്കരണവും സുതാര്യ ഭരണവും ലക്ഷ്യമിട്ട് കേരള വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി പരിഷ്‌കരിച്ച വിജിലൻസ് മാന്വലിന്റെ പ്രകാശനവും വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവിമാരുടെ അവലോകന യോഗവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ യുഗത്തിൽ അഴിമതിയുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായ സാഹചര്യത്തിൽ അന്വേഷണ നടപടിക്രമങ്ങളും കാലാനുസൃതമായി നവീകരിക്കേണ്ടത് അനിവാര്യമാണ്. ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടെയുള്ള ആധുനിക സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, അന്വേഷണം, നിയമനടപടികൾ എന്നിവ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ മാന്വലിൽ ഉൾപ്പെടുത്തി. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനും അന്വേഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയിൽ നിന്ന് വിജിലൻസിലേക്കുള്ളവരുടെ തെരഞ്ഞെടുക്കലിന് അഭിരുചി പരീക്ഷ നടത്തും. വിജിലൻസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം നൽകുന്നത് പരിഗണിക്കും. മികച്ച സേവനം നടക്കുന്നവർക്ക് മെഡലുകൾ ഉൾപ്പെടെയുള്ള അംഗീകാരം നൽകുന്നതും മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘പ്രോജക്ട് സീറോ’യുടെ ഭാഗമായി എല്ലാ ജില്ലകളിലും വിജിലൻസ് എസ്.പിമാരുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും. മിന്നൽ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുകയും ബിനാമി സ്വത്ത് ഇടപാടുകളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവും പ്രത്യേകമായി നിരീക്ഷിക്കുകയും ചെയ്യും. പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ വിജിലൻസ് ക്ലിയറൻസ് സംവിധാനം കൂടുതൽ ഫലപ്രദമായി നടപ്പാക്കും. ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമാക്കുന്നതിന് എല്ലാ വകുപ്പുകളിലെയും വിജിലൻസ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ട്രിബ്യൂണൽ കേസുകളും കോടതിവ്യവഹാരങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി നിയമോപദേശകരെ നിയോഗിക്കും. അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും വകുപ്പുതല വിവരങ്ങളും യഥാസമയം വിജിലൻസിനെ അറിയിക്കുന്നതിൽ വകുപ്പ് മേധാവികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ മുഖ്യാതിഥിയായി. ആഭ്യന്തരം & വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറും ഡി.ജി.പി.യുമായ മനോജ് എബ്രഹാം സ്വാഗതം പറഞ്ഞു. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഐ.ജി.പി. (ഇൻ ചാർജ്) തോംസൺ ജോസ് നന്ദി രേഖപ്പെടുത്തി.

2026 മേയ് 26-ന് ആരംഭിച്ച ‘പ്രോജക്ട് സീറോ’ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി അഴിമതി നിർമാർജനത്തിനും പൊതുസേവന രംഗത്തെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനുമായി വിവിധ ബോധവൽക്കരണ, പരിശീലന, പരിശോധനാ പരിപാടികൾ സംസ്ഥാനത്തുടനീളം നടപ്പാക്കിവരികയാണ്.

Spread the News

Leave a Comment

IMG 20260806 WA0051