anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സർക്കാർ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഏകോപന, പ്രോഗ്രാം മാനേജ്‌മന്റ് ഡിവിഷൻ

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങൾ ഉൾപ്പടെയുള്ള സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറി തലത്തിൽ ഏകോപന, പ്രോഗ്രാം മാനേജ്‌മന്റ് ഡിവിഷൻ (സിപിഎംഡി) രൂപീകരിക്കാൻ ഉത്തരവായി. വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാധ്യമാക്കി, ക്ഷേമപദ്ധതികളും നയപ്രഖ്യാപനങ്ങളും സമയബന്ധിതമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടിസ്ഥാന സൗകര്യവികസനം, വ്യവസായം, ഗതാഗതം, ലോജിസ്റ്റിക്സ്, നിക്ഷേപ സൗകര്യം, പൊതുസേവനം എന്നീ മേഖലകളിൽ പദ്ധതികൾ നടപ്പാക്കുന്നതിനും വകുപ്പുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനമായാണ് ഏകോപന, പ്രോഗ്രാം മാനേജ്‌മന്റ് ഡിവിഷൻ പ്രവർത്തിക്കുക. പ്രിൻസിപ്പൽ സെക്രട്ടറിയിൽ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഡിവിഷന്റെ ചുമതല.
പദ്ധതികൾ നടപ്പാക്കുന്നതിന് നിലവിലുള്ള സെക്ഷനുകളുമായി സഹകരിച്ചാണ് സിപിഎംഡി പ്രവർത്തിക്കുക. വകുപ്പുകൾ തമ്മിലുള്ള ആശയക്കുഴപ്പങ്ങൾ, മറ്റു തടസങ്ങൾ എന്നിവ പൂർണമായും പരിഹരിച്ച് സർക്കാർ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുകയാണ് ഏകോപന, പ്രോഗ്രാം മാനേജ്‌മന്റ് ഡിവിഷനിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ചീഫ് സെക്രട്ടറി തലത്തിൽ ഉടനടി പരിഹാരമുണ്ടാക്കും. പ്രോഗ്രാം രജിസ്ട്രികൾ, ഡാഷ്‌ബോഡുകൾ, അവലോകന രീതികൾ എന്നിവയിലൂടെ ഡിവിഷന്റെ പ്രവർത്തന പുരോഗതി അളക്കാനും സംവിധാനങ്ങൾ ഒരുക്കും. സർക്കാർ നയങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളും ഘടനാനുസൃതമായി നടപ്പിലാക്കുന്നതിന് സാങ്കേതിക പിന്തുണ നൽകുകയാണ് പ്രോഗ്രാം മാനേജ്മെന്റിലൂടെ ലക്ഷ്യമിടുന്നത്. വകുപ്പുകൾക്കുള്ള പദ്ധതികളും രൂപരേഖകളും തയ്യാറാക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനും ഇതിലൂടെ പിന്തുണ നൽകും. പദ്ധതി പുരോഗതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. വകുപ്പിന് കീഴിൽ പുരോഗമിക്കുന്ന പദ്ധതികളുടെ പൂർണ വിവരങ്ങൾ അടങ്ങിയ സമഗ്ര രജിസ്ട്രിയും സിപിഎംഡി പുറത്തിറക്കും.
വിഷൻ 2031 വികസന പ്രവർത്തനങ്ങൾ, സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികൾ എന്നിവയ്ക്ക് കൃത്യമായ ഏകോപന ചുമതലയും ഡിവിഷൻ നിർവഹിക്കേണ്ടതുണ്ട്. ഒന്നിലധികം വകുപ്പുകളുടെ സഹകരണം ആവശ്യമുള്ള പദ്ധതികളുടെ കാലാനുസൃതമായ നിർവഹണത്തിന് മുൻകൈയെടുക്കേണ്ടതും സിപിഎംഡി ആയിരിക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുമായി സഹകരിച്ചു പദ്ധതികൾ രൂപവത്കരിക്കാനും ഫണ്ടുകൾ നേടിയെടുക്കാനും സർക്കാരിനെ സഹായിക്കുന്ന നോഡൽ ഏജൻസിയായും ഏകോപന, പ്രോഗ്രാം മാനേജ്‌മന്റ് ഡിവിഷൻ പ്രവർത്തിക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്കുള്ള പരിശീലനം, കൂടിയാലോചനകൾ എന്നിവയും സിപിഎംഡി മുഖേന ഏകോപിപ്പിക്കും.
Spread the News

Leave a Comment

IMG 20260806 WA0051