anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തെ ഏറ്റവും മികച്ച ജിസിസി കേന്ദ്രമാക്കി മാറ്റും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി* ‘ *കേരള ജിസിസി ഫീസിബിലിറ്റി റിപ്പോർട്ട് ‘ മന്ത്രി പ്രകാശനം ചെയ്തു*

സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന് കേരളത്തെ ഏറ്റവും മികച്ച ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) കേന്ദ്രമാക്കി മാറ്റുക എന്നതാണെന്നും ഇതിനായി സംസ്ഥാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനും മികച്ച പ്രൊഫഷണലുകളുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികൂട്ടി. തിരുവനന്തപുരം ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിൽ സംഘടിപ്പിച്ച ‘കേരള ജിസിസി ഔട്ട്‌ലുക്ക് 2026’ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ‘കേരള ജിസിസി ഫീസിബിലിറ്റി റിപ്പോർട്ട്’ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

മുൻകാലങ്ങളിൽ ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്നത്തെ പരിശ്രമങ്ങളിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. സാങ്കേതികമായി ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത അന്നത്തെ കാലഘട്ടത്തിൽ പോലും ഐടി വ്യവസായത്തിലും പ്രൊഫഷണലുകൾക്കിടയിലും കേരളത്തെ ലോക ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോൾ പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. പുതിയ സർക്കാർ പ്രഖ്യാപിച്ച ഐടി നയത്തിൽ കേരളത്തെ ഏറ്റവും മികച്ച ജിസിസി കേന്ദ്രമാക്കി മാറ്റുമെന്ന ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ രംഗത്ത് അഭിമുഖീകരിക്കുന്ന പരിമിതികളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. അതിനോടൊപ്പം തന്നെ മികച്ച വിദ്യാഭ്യാസ സമ്പ്രദായം, ഉയർന്ന സാക്ഷരത, ഉയർന്ന ഐടി സാക്ഷരത, മികച്ച പ്രൊഫഷണലുകൾ എന്നിങ്ങനെ നാടിന്റെ വലിയ കരുത്തുകളെക്കുറിച്ചും അഭിമാനമുണ്ട്. എല്ലാ തടസ്സങ്ങളും പരിഹരിച്ച് കേരളത്തെ എല്ലാവരും തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഒന്നാം നമ്പർ ജിസിസി കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇപ്പോൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ അതിന് തീർച്ചയായും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇൻഫോപാർക്ക് കേരളയും പ്രമുഖ ജിസിസി കൺസൾട്ടൻസി സ്ഥാപനമായ എഎൻഎസ്ആറും (ANSR) തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ വെച്ച് പ്രതിനിധികൾ പരസ്പരം കൈമാറി. വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറം സംബശിവ റാവു സ്വാഗതം ആശംസിച്ചു. തുടർന്ന് കേരളത്തിന്റെ ജിസിസി സാധ്യതകളെയും ഭാവി പദ്ധതികളെയും കുറിച്ചുള്ള ഫീസിബിലിറ്റി റിപ്പോർട്ട് എഎൻഎസ്ആർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ശ്രീനിവാസൻ സർവ്വഭൗമൻ അവതരിപ്പിച്ചു.

കൗൺസിലർ സുനിൽ എസ്. എസ്, ജിടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ, ഇൻഫോപാർക്ക് കേരള സിഇഒ സുശാന്ത് കുറുന്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടെക്‌നോപാർക്ക് സിഇഒ സന്ദീപ് കുമാർ നന്ദി രേഖപ്പെടുത്തി. റിപ്പോർട്ട് പ്രകാശനത്തിനും അനുബന്ധ ചടങ്ങുകൾക്കും മുന്നോടിയായി ‘കേരള ജിസിസി ഓപ്പർച്യൂണിറ്റി: ഫ്രം സ്ട്രാറ്റജിക് അസസ്‌മെന്റ് ടു ആക്‌സിലറേറ്റഡ് ഗ്രോത്ത്’ എന്ന വിഷയത്തിൽ വിദഗ്ധർ പങ്കെടുത്ത ലീഡർഷിപ്പ് പാനൽ ചർച്ചയും സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ലീഡർഷിപ്പ് റൗണ്ട് ടേബിൾ യോഗവും നടന്നു.

Spread the News

Leave a Comment

IMG 20260806 WA0051