anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം

തിരുവനന്തപുരം: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ ചണ്ഡീഗഢിനെ തോൽപിച്ച് കേരളം. 55 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ തുടർന്നെത്തിയവർ അവസരത്തിനൊത്ത് ഉയർന്നതോടെ കേരളത്തിന് മികച്ച സ്കോർ പടുത്തുയർത്താനായി. 25 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 47 റൺസ് നേടിയ ക്യാപ്റ്റൻ ആശ ശോഭനയാണ് കേരളത്തിന്റെ ടോപ് സ്കോറർ. അക്ഷയ എ 43-ഉം ദൃശ്യ ഐ വി 35-ഉം ടി ഷാനി 23-ഉം റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ സാറ മഹാജനും പലക് റാണയും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സാറയെ റണ്ണൗട്ടാക്കി കേരളം മത്സരം തങ്ങളുടെ വരുതിയിലാക്കി. ചണ്ഡീഗഢിന്റെ മറുപടി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസിൽ അവസാനിച്ചു. കേരളത്തിന് വേണ്ടി മൃദുല വി എസ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മികച്ചൊരു ഇന്നിങ്സുമായി കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ട ക്യാപ്റ്റൻ ആശ ശോഭനയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച്.

Spread the News

Leave a Comment

IMG 20260806 WA0051