കൊച്ചി. മലയാള സിനിമയിൽ ഹാസ്യത്തിന്റെ പകരക്കാരനില്ലാത്ത സുൽത്താനായിരുന്ന അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ വർഷങ്ങൾ നീണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നു. കൊച്ചിൻ ഹനീഫയുടെ വേർപാടിനു ശേഷം കഴിഞ്ഞ 16 വർഷമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സ്വന്തമായി സ്നേഹവീടൊരുങ്ങി.
എറണാകുളം കടവന്ത്രയിലാണ് കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയ്ക്കും മക്കളായ സഫയ്ക്കും മർവയക്കുമായി പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്. അമ്മ സംഘടനയുടെയും സിനിമാ മേഖലയിലെ സുഹൃത്തുക്കളുടെയും സഹകരണത്തോടെയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സങ്കടങ്ങൾക്ക് വിരാമം, തണലായി ‘അമ്മ‘
2010 ഫെബ്രുവരിയിലായിരുന്നു കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വേർപാട്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് കുടുംബം കടന്നുപോയത്. മക്കളുടെ പഠനവും ദൈനംദിന ചെലവുകളും വാടകയുമെല്ലാം വലിയ പ്രതിസന്ധിയുണ്ടാക്കിയ സമയത്ത്, സിനിമാ സംഘടനയായ ‘അമ്മ’യും ദിലീപ്, സിദ്ദിഖ് ഉൾപ്പെടെയുള്ള സഹപ്രവർത്തകരും കുടുംബത്തിന് വലിയ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
തുടർന്ന് കുടുംബത്തിന് സ്ഥിരമായി ഒരു തലചായ്ക്കാൻ ഒരിടം വേണമെന്ന ആവശ്യമുയരുകയും, ഇതിനായി സംഘടന മുൻകൈയെടുത്ത് കടവന്ത്രയിൽ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു.
“ഇനി സ്വന്തം മേൽവിലാസം
ഹനീഫിക്കയുടെ വേർപാടിനു ശേഷം പെരുമഴയത്തായ അവസ്ഥയിലായിരുന്നു തങ്ങളെന്നും, മക്കളെ വളർത്താനും പഠിപ്പിക്കാനും വലിയ പോരാട്ടം നടത്തേണ്ടി വന്നുവെന്നും ഭാര്യ ഫാസില ഓർക്കുന്നു. പ്രിയ നടന്റെ സ്മരണ നിലനിൽക്കുന്ന ഈ പുതിയ വീട്ടിലേക്ക് മാറുമ്പോൾ ഹനീഫിക്കയുടെ വലിയൊരു ആഗ്രഹമാണ് പൂർത്തിയാകുന്നതെന്നും കുടുംബം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ ചലച്ചിത്ര രംഗത്തെ പ്രമുഖരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടക്കും. മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ച മഹാനടന്റെ കുടുംബത്തിന് സ്വന്തമായി ഒരു മേൽവിലാസം കൈവന്ന സന്തോഷത്തിലാണ് സിനിമാ ലോകവും ആരാധകരും.