തിരുവനന്തപുരം:. മലയാള സിനിമയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിനയൻ പുതിയൊരു ഫാന്റസി ചിത്രവുമായി എത്തുന്നു. ‘ഗിന്നസ് പക്രു’വും ‘സാഗർ സൂര്യ’യുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇവരെക്കൂടാതെ, മലയാള സിനിമയിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീനടന്മാരും, ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കും. ഒരു വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലൂടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിലെത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്.
“പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ ഒരു വിഷ്വൽ അനുഭവം പ്രേക്ഷകർക്ക് നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്യന്മാർ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്,” വിനയൻ പറഞ്ഞു.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും ഇപ്പോൾ നടക്കുന്നുണ്ട്. തന്റെ പരീക്ഷണ ചിത്രങ്ങളെല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള പ്രേക്ഷകർ ഈ സിനിമയെയും സപ്പോർട്ട് ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി വിനയൻ കൂട്ടിചേർത്തു.
സിനിമയുടെ മറ്റ് വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.