anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്;  അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന് തത്വത്തിൽ അംഗീകാരം : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ തത്വത്തിൽ അംഗീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി  ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോടികൾ മുടക്കി 10വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് (Criminal negligence) കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി കെ.മുരളീധരൻ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായം കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി നദ്ദ തത്വത്തിൽ അംഗീകരിച്ചു.

കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക‍്‍സിൻ നൽകുന്നതിനും കേന്ദ്രസഹായം കേന്ദ്രമന്ത്രി ഉറപ്പു നൽകി.

എൻ.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വർദ്ധിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം നൽകി. സാംക്രമികേതര രോഗങ്ങൾക്കുള്ള മരുന്നുകൾ, ചില ക്യാൻസർ മരുന്നുകൾ കൂടാതെ ഇന്ത്യയിൽ ലഭ്യമല്ലാത്ത ചില മരുന്നുകളുടെ ആവശ്യകതയും കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തി. ഈ മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ പറഞ്ഞു. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള കേന്ദ്രസഹായം വർദ്ധിപ്പിക്കും.

കേരളത്തിന്റെ ആരോഗ്യമേഖല കുറ്റമറ്റരീതിയിൽ മുന്നോട്ട് പോകുന്നുവെന്നും പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നതായും കേരളത്തിന്റെ ആവശ്യങ്ങളോട് പോസിറ്റീവായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Spread the News

Leave a Comment