പാലക്കാട്: എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രതിനിധി സഭ വാണിയംകുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞകാല പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാനിരിക്കുന്ന പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് പുതുനഗരം കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയ പ്രതിനിധി സഭയിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനാ ശാക്തീകരണത്തിനും ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനുമുള്ള വിശദമായ ചർച്ചകൾ നടന്നു.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ , പ്രവർത്തകസമിതി അംഗങ്ങളായ എസ്.പി. അമീറലി, ഡോ. സി.എച്ച്. അഷ്റഫ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
യോഗത്തിൽ വെച്ച് പുതിയ ജില്ലാ പ്രസിഡന്റായി ഷെരീഫ് അത്താണിക്കലിനെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിലേക്ക് നാസർ തൃത്താല, കബീർ വല്ലപ്പുഴ, അഷ്റഫ് കുന്നുംപുറം, മുഹമ്മദാലി ഒറ്റപ്പാലം എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തെ പ്രതിനിധി സഭയിൽ പങ്കെടുത്ത സംസ്ഥാന ഭാരവാഹികളും ജില്ലാ, മണ്ഡലം നേതാക്കളും അഭിവാദ്യം ചെയ്തു.