ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരിയിലെ ഗതാഗത പരിഷ്കരണം ഒട്ടേറെ ചർച്ചകൾക്കും സമരങ്ങൾക്കും കാരണമായപ്പോൾ പുതിയ നിർദ്ദേശവുമായി ചെർപ്പുളശ്ശേരി പോലീസ് രംഗത്തെത്തി. ഇന്ന് പോലീസ് സ്റ്റേഷനിൽ എസ് എച്ച് ഓ വിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മീറ്റിംഗിൽ ആണ് പോലീസ് പുതിയ നിർദ്ദേശങ്ങൾ വച്ചത്. ഇതനുസരിച്ച് പാലക്കാട് പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ നിലവിലെ ബസ്റ്റാൻഡിൽ നിന്നും നഗരത്തിൽ ചുറ്റി അവിടെ നിന്നും ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം യാത്ര തുടരണം എന്നാണ് നിർദേശിച്ചത്. എന്നാൽ എല്ലാവരുടെയും ആവശ്യങ്ങൾ പരിഗണിച്ചു നിർദ്ദേശങ്ങൾ കണക്കിലെടുത്തും ആർക്കും ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ പ്രശ്നം പരിഹരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ചെർപ്പുളശ്ശേരി എസ് എച്ച് ഒ പി കെ കവിരാജ് പറഞ്ഞു.. ഈ നിർദ്ദേശങ്ങൾ നടപ്പിലാവുകയാണെങ്കിൽ നിലവിൽ പട്ടാമ്പി റോഡിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് ഇത് ഏറെ ഗുണകരമാകും എന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ബസ്സുടമകൾ സഹകരിച്ചാൽ മാത്രമേ ഈ കാര്യത്തിൽ വിജയം കാണാൻ കഴിയുകയുള്ളൂ. എങ്കിലും ചെർപ്പുളശ്ശേരി പോലീസ് പറയുന്ന ഒരു നിർദ്ദേശം ആരും കണ്ടില്ലെന്ന് നടിക്കില്ല എന്നതാണ് പോലീസും കരുതുന്നത്. സമവായത്തിലൂടെ പ്രശ്നങ്ങൾ തീർത്ത് എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.