anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വ്യവസായസംരംഭങ്ങള്‍ക്ക് ലൈസന്‍സ് പ്രക്രിയ ലളിതമാക്കും: മന്ത്രി ബിന്ദു കൃഷ്ണ- കൊല്ലം വാർത്തകൾ ഒറ്റനോട്ടത്തിൽ

കൊല്ലം. സംസ്ഥാനത്ത് വ്യവസായങ്ങള്‍ആരംഭിക്കുന്നതിന് നിലനില്‍ക്കുന്ന സങ്കീര്‍ണതപരിഹരിച്ച് ‘ഒരു സംസ്ഥാനം ഒരു ലൈസന്‍സ് സംവിധാനം’ പദ്ധതിയിലൂടെ ലൈസന്‍സ് പ്രക്രിയ ലളിതമാക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വ്യവസായയൂണിറ്റുകളുടെയും തൊഴിലാളികളുടെയും സുരക്ഷാക്രമീകരണങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ പദ്ധതികളാകും നടപ്പാക്കുക. വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അനുകൂല അന്തരീക്ഷമൊരുക്കി കൂടുതല്‍ തൊഴിലവസരങ്ങളും ഉറപ്പാക്കും. വ്യവസായരജിസ്ട്രേഷന്‍ ഓണ്‍ലൈനാക്കും. നിര്‍മാണമേഖലയുടെ നട്ടെല്ലായ അതിഥിതൊഴിലാളി സമൂഹത്തിന്റെക്ഷേമം ഉറപ്പാക്കാന്‍ ഭവന-ക്ഷേമ പദ്ധതികളുമുണ്ടാകും. 500ല്‍ അധികം പദ്ധതികളാണ് 100 ദിനകര്‍മപരിപാടിയിലൂടെ ജനസമക്ഷത്തെത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിഥി തൊഴിലാളികള്‍ക്ക് സുരക്ഷാഅവബോധം ഹിന്ദിയിലൂടെ നല്‍കുന്ന ഹര്‍ ദിന്‍ സുരക്ഷിത് പദ്ധതി, ചെറുകിടസംരംഭങ്ങള്‍ക്ക് വേഗത്തില്‍ ലൈസന്‍സ് ലഭ്യമാക്കുന്ന വ്യവസായസൗഹൃദലൈസന്‍സിങ്, രജിസ്‌ട്രേഷന്‍ഇല്ലാത്ത ഫാക്ടറികളെ ബോധവല്‍ക്കരണത്തിലൂടെയും ലളിതമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും ഔദ്യോഗികമായി രജിസ്‌ട്രേഷന്‍ പരിധിയില്‍ കൊണ്ടുവരുന്ന പദ്ധതി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഹര്‍ ദിന്‍ സുരക്ഷിത് പദ്ധതിയുടെ കൈപുസ്തക പ്രകാശനവും അതിഥിതൊഴിലാളികള്‍ക്കുള്ള ടി-ഷര്‍ട്ട്, തൊപ്പി എന്നിവയുടെ വിതരണവും നിര്‍വഹിച്ചു.
മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ് ഡയറക്ടര്‍ ആര്‍ സൂരജ്കൃഷ്ണന്‍, ജോയിന്റ് ഡയറക്ടര്‍ ടി കെ ഷാബുജാന്‍, തൊഴിലാളിസംഘടനാ പ്രതിനിധികള്‍, ഫാക്ടറി തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2410/2026)

*ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ തൂഫാനാകണം: മന്ത്രി ബിന്ദു കൃഷ്ണ*

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ തൂഫാന്‍വാരിയേഴ്സ് ആകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കെഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക്ക് മികവിനൊപ്പം വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വരൂപീകരണത്തിനും അദ്ധ്യാപകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. നിര്‍മിതബുദ്ധി തുറന്നിടുന്ന അവസരങ്ങള്‍ കരുതലോടെ ഉപയോഗിക്കണം. ലഹരിഉപയോഗം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണം. ലഹരിക്കടിമപ്പെടുന്ന സഹപാഠികളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണം. സര്‍ക്കാരിന്റെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ എസ് പി സി മുഖ്യപങ്കാളിയാണ്. സാമൂഹികപ്രതിബദ്ധതയും സേവനസന്നദ്ധതയും പൗരബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ പദ്ധതി സഹായകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിവിഷന്‍ കൗണ്‍സിലര്‍ ടി ജി ഗിരീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി ദീപ്തി, ഹെഡ്മിസ്ട്രസ് എസ് സുലഭ, എസ് പി സി പ്രസിഡന്റ് കലാരാജന്‍, എസ് പി സി എസ് ഐ-ഡി സി പി എച്ച്.ക്യൂ സി ജിജു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2411/2026)

*പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം*

*സ്വാതന്ത്ര്യദിന ആഘോഷം ആശ്രാമം മൈതാനത്ത്*

ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ആശ്രാമം മൈതാനത്ത് നിറപകിട്ടാര്‍ന്ന ചടങ്ങുകളോടെ ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. രാവിലെ 9 മുതല്‍ പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാകും പരിപാടികള്‍. പ്ലാസ്റ്റിക്‌നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. സ്‌കൂളുകളില്‍ നിന്നുള്ള ബാന്‍ഡ് ട്രൂപ്പുകളും ഉണ്ടാകും. പരേഡ് പരിശീലനം ഓഗസ്റ്റ് 7, 10, തീയതികളിലും ഡ്രസ് റിഹേഴ്സല്‍ 11 നുമാണ്.
പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ലഭ്യമാക്കുന്നതിന് ആര്‍.ടി.ഓയ്ക്കാണ് ചുമതല. പരിശീലനസമയത്തും പരേഡ്ദിനത്തിലും ആംബുലന്‍സ്‌സഹിതം ആരോഗ്യസംഘമുണ്ടാകും എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഉദയ സുകുമാരന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2412/2026)

*താലൂക്ക് വികസനസമിതി*

ജനകീയപ്രശ്നങ്ങളും വികസനസാധ്യതകളും തുടരുന്നവയുടെ പുരോഗതിയും ചര്‍ച്ച ചെയ്ത് കരുനാഗപ്പള്ളി താലൂക്ക് വികസനസമിതി യോഗം. തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരനടപടികള്‍ സ്വീകരിക്കും. ദേശീയപാതനിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹാരിക്കാനുള്ള ക്രമീകരണങ്ങള്‍ ഓണക്കാലത്തെ ഗതാഗതകുരുക്കഴിക്കാനുള്ള നടപടികളുമാണ് ചര്‍ച്ച ചെയ്തത്. തഴവ, കുലശേഖരപുരം, തൊടിയൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണംതുടരുന്ന ജലജീവന്‍ പദ്ധതിയുടെ ജലസംഭരണികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുംവിധം പുനക്രമീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വരുണ്‍ ആലപ്പാട്, നജീബ് മണ്ണേല്‍, ജയലക്ഷ്മി, അരുണ്‍ രാജ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിജയശ്രീ മംഗളന്‍, ജയശ്രീ, സി ആര്‍ മഹേഷ് എം എല്‍ എയുടെ പ്രതിനിധി സജീവ് മാമ്പറ, ജനപ്രധിനിധികളായ ഫ്രാന്‍സിസ് സേവ്യര്‍, അനില്‍കുമാര്‍, ജിതിന്‍ ദേവ്, സലിം ബംഗ്ലാവില്‍, എസ് ഷെമീര്‍, എ എ കരീം, കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2413/2026)

*സര്‍വേ എന്യൂമറേറ്റര്‍ കരാര്‍ നിയമനം: അപേക്ഷിക്കാം*

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന, അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വേയുടെ സര്‍വേ ജോലിക്കായി എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഉല്‍പ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ (നിര്‍മ്മാണം ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാര്‍ച്ച് 31 വരെയാണ് കാലാവധി. ജില്ലാതലത്തില്‍ രണ്ട് ഒഴിവുകള്‍.

യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് അല്ലെങ്കില്‍ കോമേഴ്‌സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം).
കമ്പ്യൂട്ടര്‍/ഡാറ്റ എന്‍ട്രി പരിജ്ഞാനം, ഫീല്‍ഡ് വര്‍ക്കിനുള്ള ശാരീരികക്ഷമത. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 35 വയസ് കവിയരുത്.
https://forms.gle/t3PYBhPc1TpC88Cs9 മുഖേന ഓഗസ്റ്റ് 10-നകം അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അതിര്‍ത്തിക്കുള്ളിലായിരിക്കും ജോലി. ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്റെ വിവരങ്ങള്‍ക്ക്: 8547171300.
(പി.ആര്‍.കെ നമ്പര്‍ 2414/2026)

*കോഴികുഞ്ഞുങ്ങള്‍ വില്പനയ്ക്ക്*

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമുള്ള പൂവന്‍ കോഴികുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കില്‍ ലഭിക്കും. ബുക്കിങ്ങിനായി 0479 2452277 (പ്രവര്‍ത്തി ദിവസങ്ങളില്‍ 10.30 മുതല്‍ 3. 30 വരെ) നമ്പരില്‍ വിളിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2415/2026)

*വിഷന്‍ പ്ലസ് പദ്ധതി; അപേക്ഷ ക്ഷണിച്ചു*

പ്ലസ്ട/ വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കല്‍/എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ധനസഹായം ലഭിക്കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് പ്ലസ് ടു/വി.എച്ച്.എസ്.സിയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കും എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് പ്ലസ് ടു/ വി.എച്ച്എസ്.സി യ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കും സ്റ്റേറ്റ് സിലബസില്‍ ബിപ്ലസില്‍ കുറയാത്ത ഗ്രേഡും സി.ബി.എസ്.സി സിലബസില്‍ എ2 ല്‍ കുറയാത്ത ഗ്രേഡും, ഐ.സി.എസ്.ഇ സിലബസില്‍ എ യില്‍ കുറയാത്ത ഗ്രേഡും ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ ഉത്തരവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നവര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.
(പി.ആര്‍.കെ നമ്പര്‍ 2416/2026)

*സ്പോട്ട് അഡ്മിഷന്‍*

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി ക്വാട്ടയില്‍ (രണ്ടാം വര്‍ഷം) കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ് ബ്രാഞ്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് നാല് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 0476 2665935.
(പി.ആര്‍.കെ നമ്പര്‍ 2417/2026)

*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം*

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ മെക്കാനിക്, വയര്‍മാന്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ജനറല്‍, മുസ്ലിം വിഭാഗങ്ങളിലാണ് ഒഴിവുകള്‍. (മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കും). യോഗ്യത:ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി/എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ പേരും ജനനത്തീയതിയും ആധാര്‍ കാര്‍ഡിലേതുപോലെ തന്നെയായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, അവയുടെ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് അഞ്ച്, രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 0474 – 2712781.
(പി.ആര്‍.കെ നമ്പര്‍ 2418/2026)

*ഷീ സ്‌കൂട്ടര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു*

ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഷീ സ്‌കൂട്ടര്‍ പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 വര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഫ് യൂണിറ്റുകളെയും മത്സ്യകച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകളെയുമാണ് പദ്ധതി യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഷീ സ്‌കൂട്ടര്‍ പദ്ധതിയ്ക്കായി പരമാവധി ഒരുലക്ഷം രൂപ വരെ ഗ്രാന്റായി നല്‍കും. ബാക്കി തുക ഗുണഭോക്താവിന്റെ വിഹിതമായി കണ്ടെത്തണം. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ ഉള്‍പ്പെട്ടവരായിരിക്കണം. അപേക്ഷകര്‍ ഏതെങ്കിലും മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസമായിരിക്കണം. വിദ്യാഭ്യാസയോഗ്യത പത്താംക്ലാസ് . ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. സാഫ് ആക്ടിവിറ്റി ഗ്രൂപ്പ് സംരംഭകരാണെങ്കില്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. 2 അംഗങ്ങള്‍ ഉണ്ടായിരിക്കണം. ടുവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായ പരിധി 50 വയസ്സ്. സജീവ മത്സ്യത്തൊഴിലാളിയുടെ ഭാര്യ/ മകള്‍ /(അവിവാഹിതയെങ്കില്‍ )/അനുബന്ധതൊഴിലാളി. ഗുണഭോക്ത വിഹിതം ഗ്രൂപ്പ് നല്‍കണം. ടു വീലര്‍ സ്വന്തമായി ഇല്ലാത്തവര്‍ ആയിരിക്കണം. ഗ്രൂപ്പിന് വേണ്ടി വാഹനം ഏറ്റെടുക്കുന്ന ഗ്രൂപ്പംഗം ആണെന്ന് വ്യക്തമാക്കണം. പുതിയ ഗുണ ഭോക്താക്കളാണെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഎഞ) ഉള്‍പ്പെട്ടിട്ടുള്ള മത്സ്യകച്ചവടം നടത്തുന്നവരായിരിക്കണം. ടുവീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായ പരിധി 45 വയസ്. ഗുണഭോക്ത്യ വിഹിതം ഒടുക്കുവാന്‍ തയ്യാറായിരിക്കണം. ടു വീലര്‍ സ്വന്തമായി ഇല്ലാത്തവര്‍ ആയിരിക്കണം. നിലവില്‍ നടത്തുന്ന സംരംഭത്തെക്കുറിച്ചുള്ള ഒരു ലഘുവിവരണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകര്‍ ഫിഷറീസ് വകുപ്പില്‍ നിന്നോ സാഫ് പദ്ധതികളില്‍ നിന്നോ ഇതുവരെ ധനസഹായം സ്വീകരിക്കാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാകണം. അവസാന തീയതി ഓഗസ്റ്റ് ഏഴ്. അപേക്ഷാ ഫോമുകള്‍ ജില്ലാ ഓഫീസ്, അതത് മത്സ്യഭവനുകള്‍, സാഫ് തേവള്ളി നോഡല്‍ ഓഫീസ്, www.safkerala.org എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9037792872, 9497280336.
(പി.ആര്‍.കെ നമ്പര്‍ 2419/2026)

*നിലവാരമില്ലാത്ത വെളിച്ചെണ്ണ വ്യാജ വിലാസത്തില്‍ വിപണിയില്‍*

‘കേര ഡയമണ്ട്’ എന്നപേരില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്പന നടത്തിയ കടക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമ നടപടി ആരംഭിച്ചു. ശൂരനാട് ദേവി സ്റ്റോറില്‍ നിന്നും പരിശോധനയ്ക്ക് എടുത്ത കേര ഡയമണ്ട് ബ്രാന്‍ഡ് ആണ് നിലവാരമില്ലാത്തതായി റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പാക്കറ്റില്‍ രേഖപ്പെടുത്തിയ വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. വ്യാപാരികള്‍ കൃത്യമായ ബില്ലിലാതെ ലഭിക്കുന്ന പരിചയമില്ലാത്ത വെളിച്ചെണ്ണ വില്‍ക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2420/2026)

*ഐ.റ്റി.ഐ. പ്രവേശനം*

കുളക്കട സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുളള സംവരണ സീറ്റിലേക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം ഫോണ്‍: 9496815907.
(പി.ആര്‍.കെ നമ്പര്‍ 2421/2026)

*ലേലം*
സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലനകേന്ദ്രത്തിന്റെ പരിസരത്ത് നില്‍ക്കുന്ന അമ്പഴം, ഞാവല്‍, പുളി, കമ്പിള്‍, പാഴ്മരങ്ങള്‍ എന്നിവ ഓഗസ്റ്റ് 10ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 0474 2475051.
(പി.ആര്‍.കെ നമ്പര്‍ 2422/2026)

 

*ലോക യുവജന ദിനം: ജില്ലാതല റെഡ് റിബണ്‍ ക്വിസ് സംഘടിപ്പിച്ചു; ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാര്‍*

ലോക യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല റെഡ് റിബണ്‍ ക്വിസ് പ്രോഗ്രാമില്‍അഞ്ചല്‍ ആരോഗ്യ ബ്ലോക്ക് പരിധിയിലെ എരൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭിനവ് എ. എസ്., വര്‍ഷ എം. എസ്. എന്നിവര്‍ ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി.

രണ്ടാം സ്ഥാനം കുളത്തുപ്പുഴ ആരോഗ്യ ബ്ലോക്ക് പരിധിയിലെ പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൗരി ബി. ആര്‍., അനാമിക ആര്‍. എസ്. എന്നിവര്‍ കരസ്ഥമാക്കി.

മൂന്നാം സ്ഥാനം നെടുമണ്‍കാവ് ആരോഗ്യ ബ്ലോക്ക് പരിധിയിലെ നെടുവത്തൂര്‍ ഇ.വി.എച്ച്. സ്‌കൂളിലെ അദ്വൈത് എസ്., അഭിനവ് ശേഖര്‍ എന്നിവര്‍ നേടി.

യുവജനങ്ങളില്‍ എച്ച്.ഐ.വി./എയ്ഡ്‌സ് സംബന്ധമായ അവബോധം വര്‍ധിപ്പിക്കുക, പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.

ബിഷപ്പ് കത്തലാനി ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സാജന്‍ മാത്യുസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍മാരായ സജിമോന്‍ പി.വി., പ്രസാദ് എസ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഷാലിമ റ്റി, ദിശ കോര്‍ഡിനേറ്റര്‍ ഡെന്നിസ് ജോര്‍ജ്, എന്‍ എച് എം കണ്‍സല്‍റ്റന്റ് ആതിര, എന്‍ എസ് എസ് വോളന്റീര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ.എല്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2423/2026)

*ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്*

മുഖത്തല ബ്ലോക്കിന്റെ ‘സുന്ദര സായാഹ്നം’ പ്രോജക്ടിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത:- ബി.എസ്.ഡബ്ല്യൂ. ഇവരുടെ അഭാവത്തില്‍ ബി.എ സോഷ്യോളജി ഉള്ളവരെയും പരിഗണിക്കും. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ഓഗസ്റ്റ് 17നകം മുഖത്തല ശിശുവികസനപദ്ധതിഓഫീസര്‍ക്ക് ലഭ്യമാക്കണം. ഫോണ്‍: 0474 2504411, 8281999106.
(പി.ആര്‍.കെ നമ്പര്‍ 2424/2026)

*ജില്ലാ ആസൂത്രണസമിതി യോഗം*

ജില്ലാ ആസുത്രണസമിതി യോഗം ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 1.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 2425/2026)

*താത്ക്കാലിക നിയമനം*

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ആറ് രാവിലെ 10.30 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2671715, 9847946814.

Spread the News

Leave a Comment