ചെർപ്പുളശ്ശേരി: നന്മയുടെ ആഭിമുഖ്യത്തിൽ വിഖ്യാത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ‘ഉണരൂ വേഗം നീ’ അനുസ്മരണ ഗാനസന്ധ്യ സംഗീതസ്നേഹികൾക്ക് വേറിട്ട അനുഭവമായി. ആസ്വാദകരുടെ ഹൃദയം കവർന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി.
നന്മ വൈസ് ചെയർമാൻ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി സി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ബാലകൃഷ്ണൻ ഹൃദയസ്പർശിയായ അനുസ്മരണ പ്രഭാഷണം നടത്തി. ജാനകിയമ്മയുടെ സംഗീതജീവിതവും അവരുടെ വിനയവും ഗാനങ്ങളുടെ ആത്മീയമായ ആഴവും അദ്ദേഹം പ്രസംഗത്തിൽ സ്മരിച്ചു. ബേബി സുരേഷ് രചിച്ച അനുസ്മരണ കവിത സിന്ധുമണി ആലപിച്ചു.
ഓർമ്മകളുണർത്തി അനശ്വര ഗാനങ്ങൾ
തുടർന്ന് നടന്ന ഗാനസന്ധ്യയിൽ മൂടൽമഞ്ഞ് എന്ന ചിത്രത്തിലെ ‘ഉണരൂ വേഗം നീ…’ എന്ന പ്രശസ്ത ഗാനം അനു ഇന്ദ്രൻ ആലപിച്ചുകൊണ്ട് സംഗീതവിരുന്നിന് തുടക്കമിട്ടു. രാധിക ആലപിച്ച ‘അഞ്ജനക്കണ്ണെഴുതി…’ ഉൾപ്പെടെ നിരവധി അനശ്വര ഗാനങ്ങളാണ് അനു ഇന്ദ്രൻ, രാധിക തുടങ്ങിയ പ്രമുഖ ഗായകർ വേദിയിൽ പുനർസൃഷ്ടിച്ചത്.
ജാനകിയമ്മയുടെ അവസാന ഗാനമായി അറിയപ്പെടുന്ന, പത്തുകൽപ്പനകൾ എന്ന ചിത്രത്തിലെ ‘അമ്മപ്പൂവിനും…’ എന്ന ഗാനം നന്മ ബാലവേദി പ്രസിഡന്റ് ഇശാന അതിമനോഹരമായി ആലപിച്ചതോടെയാണ് ഗാനസന്ധ്യയ്ക്ക് സമാപനമായത്.
ഓരോ ഗാനത്തിന്റെയും പശ്ചാത്തലവും ഗായകരെയും തനിമ ചോരാതെ പരിചയപ്പെടുത്തിയ അവതാരക നീതുവിന്റെ അവതരണം പരിപാടിക്ക് മാറ്റുകൂട്ടി. നന്മാങ്കണത്തിൽ ഒത്തുകൂടിയ നൂറുകണക്കിന് സംഗീതാസ്വാദകർക്ക് ഈ സായാഹ്നം മനോഹരമായ ഒരു ഓർമ്മക്കുറിപ്പായി മാറി.