സംസ്ഥാന കയർവികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആനുകൂല്യ വിതരണവും ആഗസ്റ്റ് ഒമ്പതിന് ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ആലപ്പുഴ കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ലോഗോ പ്രകാശനവും ആനുകൂല്യ വിതരണവും കെ.സി വേണുഗോപാൽ എം.പിയും ആദ്യ വിൽപ്പന നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും നിർവ്വഹിക്കും. കയർവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി വിശദീകരിക്കും. എംഎൽഎമാരായ എ.ഡി തോമസ്, ജി. സുധാകരൻ, സജി ചെറിയാൻ, പി. പ്രസാദ്, റെജി ചെറിയാൻ, എം.എസ്.അരുൺ കുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, വാർഡ് കൗൺസിലർ ബിന്ദു തോമസ്, മുൻ എംഎൽഎമാരായ ടി കെ ദേവകുമാർ, എ എ ഷുക്കൂർ, ബി ബാബുപ്രസാദ് എന്നിവർ പങ്കെടുക്കും.