വല്ലപ്പുഴ | ആഗസ്റ്റ് 7: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഓപ്പറേഷൻ തണ്ടർ” റെയ്ഡിന്റെ ഭാഗമായി വല്ലപ്പുഴ മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ റെയിൽവേ ഗേറ്റിന് സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി.
കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് യഥാക്രമം 140 സെന്റീമീറ്ററും 192 സെന്റീമീറ്ററും ഉയരമുണ്ടായിരുന്നുവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
പട്ടാമ്പി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ. കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ജെ. ഓസ്റ്റിൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് ആർ. നായർ, അനൂപ് രാജ് എന്നിവർ പങ്കെടുത്തു.