anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്ക്ക് കൈത്താങ്ങാകാൻ മലയാള സിനിമ; സഹായവുമായി മോഹൻലാൽ

IMG 20260806 WA0051

File 000000007bac8211818e61eee989a341

കൊച്ചി: ഒരുകാലത്ത് നടനായും നിർമാതാവായും ഗായകനായും മലയാള സിനിമയിൽ സജീവമായിരുന്ന മോഹൻ ശർമ്മയുടെ ഇപ്പോഴത്തെ ദുരവസ്ഥ പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ടുകളിലൂടെയാണ്. സാമ്പത്തികമായി തകർന്നതിനെ തുടർന്ന് ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ടുപോയ അദ്ദേഹം ഇപ്പോൾ തമിഴ്നാട്ടിലെ ഒരു വൃദ്ധസദനത്തിലാണ് കഴിയുന്നത്. മരുന്നുകൾ വാങ്ങാൻ പോലും പണമില്ലെന്ന് നിറമിഴികളോടെ അദ്ദേഹം പറഞ്ഞത് സിനിമാപ്രേമികളെയും സഹപ്രവർത്തകരെയും ഏറെ വേദനിപ്പിച്ചിരുന്നു.

സിനിമാ നിർമ്മാണത്തിലേക്ക് കടന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധികൾ മോഹൻ ശർമ്മയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞതിനെ തുടർന്ന് തമിഴ് സിനിമയിലെ സൂപ്പർതാരം രജിനികാന്ത് സഹായവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽനിന്നും മോഹൻ ശർമ്മയ്ക്ക് സഹായം ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി നടൻ മോഹൻലാൽ അറിയിച്ചു. താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്റായിരുന്ന മോഹൻലാൽ, സംഘടന വഴിയും വ്യക്തിപരമായും നിരവധി അവശ കലാകാരന്മാർക്ക് സഹായം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.

മോഹൻ ശർമ്മയുമായി തനിക്ക് നേരത്തെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ കാണാൻ ഒരാളെ ഉടൻ അയക്കുമെന്നും മോഹൻലാൽ പറഞ്ഞു. മോഹൻ ശർമ്മ നിർമ്മിച്ച സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ട സഹായങ്ങൾ ചെയ്യുമെന്നും മോഹൻലാൽ വ്യക്തമാക്കി.

സിനിമാ ലോകത്ത് ഒരു കാലത്ത് ഏറെ തിളങ്ങിയ പല കലാകാരന്മാരും പിന്നീട് ആരുമറിയാതെ ദുരിതത്തിലാകുന്ന സാഹചര്യമുണ്ടെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. മോഹൻ ശർമ്മയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലെ യഥാർഥ കാരണങ്ങൾ എന്താണെന്ന് കൃത്യമായി അറിയില്ലെന്നും, അതിനെക്കുറിച്ച് വിലയിരുത്തുന്നതിനേക്കാൾ ഇപ്പോൾ അദ്ദേഹത്തിന് ആവശ്യമായ സഹായം എത്തിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

‘നെല്ല്’, ‘ചട്ടക്കാരി’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹൻ ശർമ്മ മലയാള സിനിമയിലെ പഴയ തലമുറയിലെ ശ്രദ്ധേയനായ കലാകാരനാണ്. ‘ഇവിടെ തുടങ്ങുന്നു’ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു.

മുതിർന്ന നടി ലക്ഷ്മിയായിരുന്നു മോഹൻ ശർമ്മയുടെ ആദ്യ ഭാര്യ. നടി ഐശ്വര്യ ഭാസ്കർ ഒരു കാലത്ത് മോഹൻ ശർമ്മയുടെ വളർത്തുമകളായും കഴിഞ്ഞിട്ടുണ്ട്. രണ്ടാം വിവാഹത്തിൽ അദ്ദേഹത്തിന് ഒരു മകനുണ്ട്. മകൻ വിദേശത്ത് ജോലി ചെയ്യുകയാണെന്നും സ്വന്തം തിരക്കുകൾ ഉള്ളതിനാൽ ആവശ്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മോഹൻ ശർമ്മ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പരിചയക്കാരായ ചിലരാണ് അദ്ദേഹത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി വൃദ്ധസദനത്തിലെത്തിച്ചതെന്നാണ് വിവരം. ഒരുകാലത്ത് വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന കലാകാരൻ ഇന്ന് മരുന്നിനുപോലും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്ന അവസ്ഥയാണ് മലയാള സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വേദനിപ്പിക്കുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051