anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കാണ് ധനസഹായം ലഭിക്കുന്നത്.

ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്േളാറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി വഴി സാമ്പത്തിക സഹായം നൽകുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്. വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്‌ക്വയർ ഫീറ്റ് കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.

പദ്ധതിയിൽ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണന നൽകും. അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളികൾ ഉള്ളവർ, പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ, മക്കളില്ലാത്ത അപേക്ഷകർ തുടങ്ങിയ വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാന ലഭ്യതയുള്ള മക്കളുള്ള വിധവകൾ പദ്ധതിക്ക് അർഹരല്ല. സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് നവീകരിക്കേണ്ടതിനും, വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ/ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.

പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ അയക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 10.

Spread the News

Leave a Comment

IMG 20260806 WA0051