
തിരുവനന്തപുരം: സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (KCEU–CITU). ആഗസ്റ്റ് 21ന് സംസ്ഥാനതലത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് യൂണിയൻ അറിയിച്ചു.
ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയതും ജീവനക്കാരുടെ ലീവ് സറണ്ടർ തടഞ്ഞുവെച്ചതും ഉൾപ്പെടെയുള്ള നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി. ജനാധിപത്യവിരുദ്ധമായ രീതിയിൽ സഹകരണ മേഖലയിലേക്ക് സർക്കാർ ഇടപെടുകയാണെന്നും KCEU ആരോപിച്ചു.
UDF സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 21ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസുകളിലേക്കും മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
കേന്ദ്ര ബിജെപി സർക്കാരിന്റെ സഹകരണ വിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും അത് തിരുത്തണമെന്നും KCEU ആവശ്യപ്പെട്ടു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) ആണ് പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.