
വാണിയംകുളം: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിൽ സ്കൂൾതല പകർച്ചവ്യാധി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പകർച്ചവ്യാധികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് കൃത്യമായ അറിവ് നൽകുകയും ചെയ്യുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
തിങ്കളാഴ്ച നടന്ന പരിപാടി സ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.കെ. മഞ്ജുള ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ് ക്രോസ് (JRC) C ലെവൽ വിദ്യാർത്ഥികളാണ് ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകിയത്.
വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂളിലെ ഓരോ ക്ലാസിലും നേരിട്ടെത്തി പകർച്ചവ്യാധികൾക്കെതിരായ ജാഗ്രതാ സന്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും സഹപാഠികൾക്ക് വിശദീകരിച്ചു. രോഗപ്രതിരോധത്തിൽ വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആരോഗ്യകരമായ ശീലങ്ങൾ എന്നിവയുടെ പ്രാധാന്യവും വിദ്യാർത്ഥികൾ പങ്കുവെച്ചു.

JRC കൗൺസിലർമാരായ പി. അഞ്ജുവും കെ. സിനിയും പരിപാടിക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നേതൃത്വവും നൽകി.
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ആവേശപൂർവം പങ്കെടുത്തു. വിദ്യാർത്ഥികളിൽ ആരോഗ്യ അവബോധവും ഉത്തരവാദിത്തബോധവും വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ പറഞ്ഞു.