ചൊക്ലി. കുടുംബാരോരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് വടകര മേപ്പയിലെ ശ്രീസ്ഥയിൽ ആർ ദീപ ലേഖ(52)യാണ് മരിച്ചത്. പ്രശസ്ത നാടക സംവിധായകൻ സുരേഷ്ബാബു ശ്രീസ്ഥയാണ് ഭര്‍ത്താവ്.
തിങ്കൾ പകൽ 12.45ഓടെയായിരുന്നു സംഭവം. ചൊക്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനെത്തിയ ദീപലേഖ സ്ഥലംമാറ്റം സംബന്ധിച്ചുള്ള പ്രയാസം പറയുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപും വൈസ് പ്രസിഡന്റ് കെ എം സപ്നയും ചേർന്ന് ഉടൻ തൊട്ടടുത്ത ചൊക്ലി മെഡിക്കൽ സെന്ററിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. നില ഗുരുതരമായതിനാൽ കണ്ണൂർ മിംസിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
നാല് മാസം മുൻപാണ് ചൊക്ലി എഫ്എച്ച്സിയിലേക്ക് സ്ഥലംമാറിയെത്തിയത്. അപകടത്തിൽ കാലിന്റെ എല്ല് പൊട്ടി രണ്ട് മാസം കിടപ്പിലായിരുന്നു. തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ പ്രയാസമായിരുന്നു. ഇതിനിടയിലാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഏതാനും ദിവസമായി സ്ഥലംമാറ്റിയതിന്റെ പ്രയാസത്തിലായിരുന്നു ദീപലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു. ആശുപത്രിയിലെ സഹപ്രവർത്തകരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി അറിയുന്നു.