

വാണിയംകുളം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 28 കേരള ബറ്റാലിയന്റെ കീഴിലുള്ള വാണിയംകുളം ടി.ആർ.കെ. ഹൈസ്കൂളിലെ എൻ.സി.സി. കേഡറ്റുകളുടെ നേതൃത്വത്തിൽ ‘ഹർ ഘർ തിരംഗ’ പ്രചരണ റാലിയും ദേശീയ ഗാനാലാപനവും സംഘടിപ്പിച്ചു. റാലിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സി. കലാധരൻ നിർവ്വഹിച്ചു.
എൻ.സി.സി. ഫസ്റ്റ് ഓഫീസർ പി. ഉല്ലാസ്, റിസൽദാർ സുഖ് ദേവ് സിംഗ് എന്നിവർ റാലിക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന്റെ ത്രിവർണ്ണ പതാക എല്ലാ വീടുകളിലും ഉയർത്തുക, ദേശീയ ഗാനം ആലപിക്കുക എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് റാലി സംഘടിപ്പിച്ചത്.
ടി.ആർ.കെ. സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി വാണിയംകുളം സെന്ററിൽ സമാപിച്ചു. പ്രചരണത്തിന്റെ തുടർഭാഗമായി വരുന്ന ദിവസങ്ങളിൽ എൻ.സി.സി. കേഡറ്റുകൾ വാണിയംകുളത്തെ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചു.